യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം. ശിവശങ്കര്‍ ഒപ്പിട്ട വൈദ്യുതി കരാറിനെതിരെ മന്ത്രി എ. കെ. ബാലന്‍

a k balan

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം. ശിവശങ്കര്‍ ഒപ്പിട്ട വൈദ്യുതി വാങ്ങാനുള്ള കരാറിനെതിരെ മന്ത്രി എ. കെ. ബാലന്‍. 42,000 കോടിരൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും എ. കെ. ബാലന്‍ പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടും യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ശിവശങ്കറിനെക്കൊണ്ട് കരാര്‍ ഒപ്പിടീച്ചത് ആരാണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും എ. കെ. ബാലന്‍ പാലക്കാട് പറഞ്ഞു.

25 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാത്ത പദ്ധതിയുമായി ശിവശങ്കര്‍ മുന്നോട്ടുപോകുമ്പോള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തടഞ്ഞില്ല. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ശിവശങ്കര്‍ ഉണ്ടാക്കിയ കരാറാണോ, അതോ ശിവശങ്കറിനെക്കൊണ്ട് യുഡിഎഫ് ഒപ്പിടീച്ച കരാറാണോ എന്ന് പുറത്തുവരണം. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഇത്ര വലിയ തുകയ്ക്ക് കരാര്‍ ഒപ്പിട്ടതെന്ന് രമേശ് ചെന്നിത്തലയും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും പറയണമെന്നും എ. കെ. ബാലന്‍ പറഞ്ഞു.

66,229 കോടി രൂപയുടെ കരാര്‍ പ്രകാരം യൂണിറ്റ് 4.29 രൂപക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനായിരുന്നു എം ശിവശങ്കര്‍ യു ഡി എഫ് ഭരണകാലത്ത് കരാര്‍ ഒപ്പിട്ടത്. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി 22000 കോടി രൂപയുടെ പദ്ധതിക്ക് മാത്രമായിരുന്നു റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. 25 വര്‍ഷത്തേക്കായിരുന്നു ഏഴ് സ്വകാര്യ കമ്പനികളുമായി കരാര്‍. 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും മന്ത്രി ആരോപിച്ചു.

Story Highlights m shivshankar electricity deal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top