‘രാഹുല്‍ മാങ്കൂട്ടത്തിൽ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി’; ക്രൈംബ്രാഞ്ച് എഫ്‌ഐആർ പകർപ്പ് 24 ന്

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണ കേസിൽ ക്രൈം ബ്രാഞ്ചിന്റെ എഫ്.ഐ.ആർ പകർപ്പ് 24-ന് ലഭിച്ചു. അഞ്ചുപേരുടെ പരാതികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്. ബി.എന്‍.എസ്. 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു.
സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്ന് എഫ്.ഐ.ആർ പറയുന്നു. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചുവെന്നും, ഫോൺ വഴി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.
പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.
ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.
Story Highlights : Crime Branch FIR Rahul Mamkootathil Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here