സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് പരിശോധന നടത്തിയത്.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും (52) കഴിഞ്ഞ മാസം 15ന് താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയും രോഗംബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങൾ ചികിത്സയിലാണ്. അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നതിനിടെയാണ് മൂന്ന് മരണവുമുണ്ടായത്.
ഇതിനിടെ, ആശ്വാസവാർത്തായി അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരൻ ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്തുതന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ചയാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്.
Story Highlights : Amebic meningoencephalitis reported again in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here