Advertisement

‘പൊലീസ് പ്രാകൃതകാലത്തേക്ക് മാറി, മർദനം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കും’; പി.കെ കുഞ്ഞാലിക്കുട്ടി

1 hour ago
Google News 2 minutes Read

തൃശൂർ കുന്നംകുളത്തെ പൊലീസ് മർദനം നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പൊലീസ് പ്രാകൃതകാലത്തേക്ക് മാറി. ദൃശ്യം പുറത്തുവരാത്ത എത്ര കേസുകൾ ഒതുക്കി തീർത്തിട്ടുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഇതിനിടെ തൃശൂർ കുന്നംകുളത്തെ പൊലീസ് മർദനത്തിൽ, തന്നെ മർദിച്ച എല്ലാ പൊലീസുകാർക്ക് എതിരെയും കേസെടുത്തിട്ടില്ലെന്ന് മർദനമേറ്റ സുജിത്ത് വി എസ് പറഞ്ഞു. അഞ്ചുപേർ മർദ്ദിച്ചതിൽ നാലു പോലീസുകാർക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ കേസിൽ നിന്ന് ഒഴിവായി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് വി എസ് പറഞ്ഞു.

സുഹൈർ പൊലീസ് സ്റ്റേഷന് മുകളിലത്തെ നിലയിൽ വച്ചാണ് സുജിത്തിനെ മർദിച്ചത്. സുഹൈർ ഇപ്പോൾ പോലീസ് വകുപ്പ് വിട്ട് റവന്യൂ വകുപ്പിലേക്ക് മാറി. വില്ലേജ് ഓഫീസിൽ ജോലി ചെയ്തു വരികയാണ് സുഹൈർ. അഞ്ചു പേരും ക്രൂരമായി മർദിച്ചെന്ന് സുജിത്ത് പറയുന്നു. എല്ലാത്തിനും സുഹൈർ ഒപ്പമുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്താതിനാൽ സുഹൈറിനെ മാറ്റി നിർത്തിയെന്നാണ് പറയുന്നത്.

പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസുകാർ പണം ഓഫർ ചെയ്തുവെന്ന് വി എസ് സുജിത്ത് പറഞ്ഞു. 20 ലക്ഷം രൂപ തരാം എന്ന് വരെ അറിയിച്ചു. ഇടനിലക്കാർ മുഖാന്തരവും അല്ലാതെയും ആണ് പണം ഓഫർ ചെയ്തത്. കൂടുതൽ തുക വേണമെങ്കിലും തരാൻ തയ്യാറായിരുന്നുവെന്ന് അവർ അറിയിച്ചതായി സുജിത്ത് വിഎസ് പറഞ്ഞു.

2023 ഏപ്രിൽ 5ന് നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മർദിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും ഉയർത്തുന്നത്.

Story Highlights : P. K. Kunhalikutty on police assault on Youth Congress leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here