കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കല്‍; ആരെയും ദ്രോഹിക്കാനല്ല, ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം ശ്രമങ്ങള്‍: ആരോഗ്യ വകുപ്പ് മന്ത്രി

k k shailaja

കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കല്‍ ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം ശ്രമങ്ങളെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് രോഗികളുടെ കോണ്ടാക്ട് ട്രെയ്‌സിംഗ് അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പിച്ചതിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മള്‍ ഒരു മഹാമാരിയുടെ ഇടയിലാണ്. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് പോലും കൊവിഡ് നിയന്ത്രിക്കാനാകുന്നില്ല. അതിന്റെ സ്വഭാവ സവിശേഷതകള്‍ പോലും ഇതുവരെ പൂര്‍ണമായി കണ്ടെത്താനായിട്ടില്ല. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പോലും ദിനംപ്രതി നിരവധി മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇവിടെയും അതേ സാധ്യത നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ മരണനിരക്ക് കുറയ്ക്കുന്നത് ക്ലസ്റ്റര്‍ നിയന്ത്രണങ്ങളിലൂടെയാണ്. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണിത്. അതില്‍ പൊലീസും ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാമുണ്ട്.

ഒരാള്‍ കൊവിഡ് രോഗിയായി മാറിയാല്‍ അവര്‍ ചിലപ്പോള്‍ എവിടെപോയി ആരുമായി സമ്പര്‍ക്കമുണ്ടായി എന്ന കാര്യങ്ങളൊന്നും പറഞ്ഞെന്നുവരില്ല. അത്തരം നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫോണ്‍ ചെയ്തവരെ കുറ്റപ്പെടുത്താനോ മറ്റ് വിവരങ്ങള്‍ ചോര്‍ത്താനോ ഒന്നുമല്ല വിളിക്കുന്നത്. അവരെ വിളിച്ച് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്യുക. ഫോണ്‍ വിളിച്ചതു മാത്രമെയുള്ളൂവെങ്കില്‍ അക്കാര്യം മനസിലാക്കുക മാത്രമേ ചെയ്യൂ. സമ്പര്‍ക്കമുണ്ടെങ്കില്‍ അവരോട് നിരീക്ഷണത്തില്‍ പോകാന്‍ പറയുകയാണ് ചെയ്യുക. അല്ലാതെ വിവരങ്ങള്‍ ചോര്‍ത്തുകയല്ല.

ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനമാണിത്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിരുന്നതാണ്. നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ കാലമാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വലിയ രീതിയില്‍ കൊവിഡ് വ്യാപിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏത് പ്രശ്‌നവും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്ന രീതിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്. പൊലീസില്‍ നിന്ന് മുന്‍പും സഹായം തേടിയിട്ടുണ്ട്. യാത്രാ വിവരങ്ങള്‍ മുന്‍പും പരിശോധിച്ചിട്ടുണ്ട്. ആരെയും ദ്രോഹിക്കാനാല്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം ശ്രമങ്ങള്‍. കേരളത്തിലെ കൊവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നത് തടയാന്‍ പൊലീസിന്റെ കൂടി സഹായം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Story Highlights telephone information health Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top