Advertisement

എംജി സർവകലാശാലയിലെ വിവാദ നിയമനത്തിൽ പ്രതികരണവുമായി കെ ആർ മീര; ‘യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ല’

August 14, 2020
8 minutes Read

എംജി യൂണിവേഴ്‌സിറ്റിയിലെ തന്റെ നിയമനത്തിൽ വിശദീകരണവുമായി സാഹിത്യകാരി കെ ആർ മീര. സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം നൽകിയെന്ന വാർത്തയോട് മീര പ്രതികരിച്ചു. തനിക്ക് നിയമനത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിരുന്നിരുന്നില്ലെന്നും ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽ നിന്ന് രാജി വച്ചതായി അറിയിക്കുന്നുവെന്നും കെ ആർ മീര പറഞ്ഞു.

കുറിപ്പ് വായിക്കാം,

എഴുതി ജീവിക്കാൻ തീരുമാനിച്ച നാൾ മുതൽ സംസ്ഥാന സർക്കാരിൻറെയോ കേന്ദ്ര സർക്കാരിൻറെയോ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കുകയില്ല എന്നാണ് എൻറെ നിഷ്‌കർഷ. ഇടത്- വലത് വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ല.

ഈ വർഷം ഫെബ്രുവരിയിൽ കാൺപൂർ ഐഐടിയിൽ ഗസ്റ്റ് സ്പീക്കർ ആയി പ്രഭാഷണവും പേപ്പറും അവതരിപ്പിച്ചു മടങ്ങിയെത്തി അധികദിവസം കഴിയുന്നതിന് മുമ്പായിരുന്നു കോട്ടയത്ത് സംവിധായകൻ ജോഷി മാത്യുവിൻറെ നിർബന്ധത്താൽ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായത്. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് അതിൽ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും.

രണ്ട് ദിവസം കഴിഞ്ഞ് സർവകലാശാലയിൽനിന്ന് വിസിയുടെ നിർദേശപ്രകാരം വിളിക്കുന്നു എന്നു പറഞ്ഞ് എന്നെ ഒരു ഉദ്യോഗസ്ഥൻ വിളിച്ചിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസിൽ എൻറെ പേര് കൂടി ഉൾപ്പെടുത്താൻ അദ്ദേഹം അനുവാദം ചോദിച്ചു. ബോർഡ് ഓഫ് സ്റ്റഡീസിൽ അധ്യാപകർ അല്ലാതെയുള്ള അംഗങ്ങളും ഉണ്ടാകാറുണ്ടെന്നും പ്രശസ്തരായ എഴുത്തുകാരെയും കലാകാരൻമാരെയും ഉൾപ്പെടുത്താറുണ്ടെന്നും അതിനു ചട്ടമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

2017ൽ അമേരിക്കയിലെ ഐവി ലീഗ് യൂണിവേഴ്‌സിറ്റി ആയ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിൽ വിസിറ്റിംഗ് ഫെലോയും അവിടുത്തെ സെൻറർ ഫോർ ദി അഡ്വാൻസ്ഡ് സ്റ്റഡി ഓഫ് ഇന്ത്യയുടെ ഇരുപത്തിയഞ്ചാം വാർഷിക സെമിനാറിൽ ജെൻഡർ പാനലിന്റെ കീ നോട്ട് സ്പീക്കറും ആയിരുന്ന എനിക്ക് കൊവിഡ് മഹാമാരി പടർന്നില്ലായിരുന്നില്ലെങ്കിൽ മറ്റൊരു വിദേശ യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ്പിന്റെ പരിഗണനയുണ്ടായിരുന്നു. ഞാൻ നാട്ടിൽ ഉണ്ടാകാനിടയില്ല എന്നു ചൂണ്ടിക്കാട്ടിയപ്പോൾ മീറ്റിങ്ങുകളിൽ നേരിട്ടുപങ്കെടുക്കേണ്ടതില്ലെന്ന് വിളിച്ചയാൾ ഉറപ്പു നൽകി.

അതിനുശേഷം ഇത് എഴുതുന്നതുവരെ എംജി യൂണിവേഴ്‌സിറ്റിയിലോ മറ്റെവിടെങ്കിലും നിന്നോ ഇതു സംബന്ധിച്ച് എനിക്ക് ഇമെയിലോ ഫോൺ കോളോ കത്തോ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇതിനെ കുറിച്ചു വ്യക്തമായ ഒരു അറിവുമില്ല.

ആ സ്ഥിതിക്ക്, അഥവാ എന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, അതിൽ ഏതെങ്കിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടെങ്കിൽ, ഈ ബോർഡ് ഓഫ് സ്റ്റഡീസിൽ ഞാൻ അംഗമാകുന്ന പ്രശ്‌നവുമില്ല.

സ്‌കൂൾ വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയിൽ എൻറെ പേര് ഉൾപ്പെടുത്തിയ കത്ത് കിട്ടിയപ്പോൾ ഞാൻ അതിൻറെ ഡയറക്ടറോട് വാക്കാലും കത്തു വഴിയും എന്നെ ഒഴിവാക്കണമെന്ന് വിനയപൂർവ്വം ആവശ്യപ്പെട്ടിരുന്നു. നാളിതുവരെ ഒരു മീറ്റിങ്ങിലും ഞാൻ പങ്കെടുത്തിട്ടില്ല, അതിൻറെ പേരിൽ ഒരു പൈസപോലും കൈപ്പറ്റിയിട്ടുമില്ല.

Read Also : ‘ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്’ കെ ആർ മീരയുടെ കുറിപ്പ്

യുജിസിക്ക് കീഴിലുള്ള ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെയുള്ള ഒരു മാസ്റ്റർ ബിരുദം മാത്രമേ എനിക്കുള്ളൂ. പക്ഷേ, ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ യൂണിവേഴ്‌സിറ്റിയിലും അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിലും ഇന്ത്യയിൽ മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ സെൻറർ ഫോർ ഹ്യൂമാനിറ്റീസിലും അപാർട്ട്‌മെൻറും ഓഫിസ് മുറിയും യാത്രച്ചെലവും ഒക്കെ സഹിതം ഫെലോഷിപ് ലഭിച്ചിട്ടുള്ള പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് അകത്തും പുറത്തും പല യൂണിവേഴ്‌സിറ്റികളിലും എൻറെ കഥകളെയും നോവലുകളെയും കുറിച്ച് ഗവേഷണം നടക്കുന്നതിനാലും ഈ ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കൽപ്പിച്ചില്ല എന്നതാണ് എനിക്കു സംഭവിച്ച അബദ്ധം.

തൃശൂർ കറൻറ് ബുക്‌സ് ഉടനെ പുറത്തിറക്കുന്ന ‘ഘാതകൻറെ’യും മനോരമ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ‘ഖബർ’ എന്ന ലഘുനോവലിൻറെയും അതിനിടയിൽ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയുടെ’ പെൻഗ്വിൻ പുറത്തിറക്കുന്ന പരിഭാഷയുടെയും തിരക്കിൽ, എഴുത്തിന്റെ മാനസികസംഘർഷം മൂലം ബോർഡ് ഓഫ് സ്റ്റഡീസ് എന്നത് എൻറെ ഓർമ്മയുടെ ഏഴലയത്തുപോലും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.

ഒരു ഓൺലൈൻ മാധ്യമത്തിൽ ബോർഡ് ഓഫ് സ്റ്റഡീസിൽ എന്നെയും ഉൾപ്പെടുത്തിയതിനെ ചൊല്ലി വാർത്ത വന്നതായി ഒരു പത്രപ്രവർത്തക സുഹൃത്താണ് അറിയിച്ചത്. അപ്പോൾത്തന്നെ ഞാൻ വൈസ് ചാൻസലറെ വിളിച്ചു വിവരം അന്വേഷിച്ചിരുന്നു. ‘ഐ കൺസിഡർ ഇറ്റ് ആൻ ഓണർ ടു ഹാവ് യൂ ഇൻ അവർ ബോർഡ് ഓഫ് സ്റ്റഡീസ്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഞാൻ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാർത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിൽനിന്ന് ഞാൻ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.

വൈസ് ചാൻസലർക്ക് ഇതു സംബന്ധിച്ച് ഇമെയിൽ അയച്ചു കഴിഞ്ഞു.

ഇത് സംബന്ധിച്ച് ഇനിയൊരു പ്രതികരണം ഇല്ല.

ഡിസി ബുക്‌സ് ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന ‘കമ്യൂണിസ്റ്റ് അമ്മൂമ്മ’ എന്ന നോവലിൻറെ രചനയുടെ തിരക്കുകൾ മൂലം വിവാദങ്ങൾക്ക് സമയമില്ലാത്തതു കൊണ്ടാണ്.

Story Highlights k r meera, mg university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top