ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നാലാം സ്ഥാനം നരേന്ദ്രമോദിക്ക്

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നാലാം സ്ഥാനം നരേന്ദ്രമോദിക്ക്. ഇതിനു പുറമേ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണവും ഇനി നരേന്ദ്ര മോദിക്ക് സ്വന്തം.

ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചവരിൽ ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, ഡോ. മൻമോഹൻ സിംഗ് എന്നിവർ കഴിഞ്ഞാൽ അടുത്തസ്ഥാനം പ്രധാനമന്ത്രി മോദിക്കാണ്. മുൻപ് ഈ സ്ഥാനം അടൽ ബിഹാരി വാജ്പേയിയ്ക്കായിരുന്നു.

രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഏറ്റവും കൂടുതൽകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തുന്നത്. ഇക്കുറി ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നിന്ന് നരേന്ദ്രമോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും നൽകുക.

രാജ്യത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26-നാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. 2019 മെയ് 30 ന് അധികാര തുടർച്ച ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്നത് ജവഹർലാൽ നെഹ്രുവാണ്. 17 വർഷക്കാലമാണ് നെഹ്രു അധികാരത്തിലിരുന്നത്. രണ്ടാം സ്ഥാനം ഇന്ദിരാ ഗാന്ധിയ്ക്കാണ്. 11 വർഷത്തിലധികം ഇന്ദിരാ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു. രണ്ടു തവണയായി 10 വർഷം അധികാരത്തിൽ ഇരുന്നത് ഡോ. മൻമോഹൻ സിംഗായിരുന്നു.

Story Highlights -narendra modi, fourth longest serving prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top