ചരിത്രപരമായ കരാറിലേർപ്പെട്ട് യുഎഇയും ഇസ്രയേലും

ഇസ്രയേലുമായി ചരിത്രപരമായ കരാറിലേർപ്പെട്ട് യുഎഇ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് തീരുമാനം. ധാരണ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിർത്തുന്നതായി ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപും അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് നടത്തിയ ഏറെ നാൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് ഇസ്രയേലും യുഎഇയും ധാരണയിലെത്തിയത്. ചരിത്ര നിമിഷമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വീകരിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്.
‘ഇന്ന് വലിയ മുന്നേറ്റം! ഞങ്ങളുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേർപ്പെട്ടു’ ട്രംപ് ട്വീറ്റ് ചെയ്തു. കൂടുതൽ അറബ്, മുസ്ലിം രാഷ്ട്രങ്ങൾ യുഎഇയുടെ പാത പിന്തുടരുമെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്രയേൽ, പലസ്തീൻ പ്രദേശങ്ങൾ കൂടുതൽ പിടിച്ചെടുക്കുന്നത് തടയാൻ ധാരണയിലെത്തിയതായി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ അറിയിച്ചു. യുഎഇയും ഇസ്രയേലും സഹകരണത്തിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് തയാറാക്കാനും സമ്മതിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂട്ടിച്ചേർത്തു. ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതികവിദ്യ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയിൽ കരാർ ഒപ്പിടുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇസ്രയേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ.
അതേസമയം, കരാറിനെ ലജ്ജാകരം എന്നാണ് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി വിശേഷിപ്പിച്ചത്.
Story Highlights -UAE and Israel Historic agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here