രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ; അഞ്ച് മരണം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തിലും, രാജസ്ഥാനിലെ ജയ്പൂരിലുമായി അഞ്ചു പേര്‍ മരിച്ചു. കര്‍ണാടക തലക്കാവേരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടാതെ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
രാജസ്ഥാന്‍ ജയ്പൂരില്‍ ഇന്നലെ മുതല്‍ നിര്‍ത്താതെ പെയ്യുകയാണ് മഴ. നഗരത്തില്‍ പ്രളയത്തിന് സമാനമായി വെള്ളം ഉയര്‍ന്നു. ജവഹര്‍ നഗര്‍ ചേരിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജീപ്പ് പാലത്തില്‍ നിന്ന് പുഴയില്‍ വീണ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അടുത്ത 24 മണിക്കൂര്‍ ജയ്പൂരിന് പുറമേ അജ്മീര്‍, ബില്‍വാഡ, ചിത്തോര്‍ഘട്ട് തുടങ്ങിയ 20 ജില്ലകളില്‍ ഇടിയോടുകൂടി കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ അനുഭവപ്പെടുന്ന ഗുജറാത്തിലെ സൂറത്ത് ദ്വാരക മേഖലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തനിവാരണ സേനയുടെ 13 ടീമുകളെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചു. സംസ്ഥാനത്തെ നദികള്‍ അപകട രേഖയും മറികടന്നാണ് ഒഴുകുന്നത്. തീരദേശ ജില്ലകള്‍ ഉള്‍പ്പെടുന്ന സൗരാഷ്ട്ര മേഖലയിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ അനുഭവപ്പെട്ടു. അടുത്ത രണ്ടു ദിവസം മഹാരാഷ്ട്രയിലെ മുംബൈ, പൂനെ നഗരങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ തലക്കാവേരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
Story Highlights – Heavy rains in various parts of the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here