മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമകൾക്ക് ഇന്ന് രണ്ട് വയസ്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഓർമയായിട്ട് രണ്ട് വർഷം. മൂന്നുവട്ടം പ്രധാനമന്ത്രിയായിരിക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തെയും അതിന്റെ ഗതിവിഗതികളെയും തന്റെ വ്യക്തിപ്രഭാവത്താൽ സ്വാധീനിക്കുകയും ചെയ്ത സമുന്നത നേതാവായിരുന്നു വാജ്പേയ്.
സ്വതന്ത്ര ഇന്ത്യയിലെ മികച്ച രാഷ്ട്ര തന്ത്രജ്ഞനായി അറിയപ്പെട്ട നേതാവായിരുന്നു വാജ്പേയ്. 1980ൽ ഭാരതീയ ജനതാ പാർട്ടി രൂപവൽക്കരിച്ചപ്പോൾ വാജ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി 1996ൽ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം 13 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. 13 മാസം നീണ്ട 1998ലെ രണ്ടാം സർക്കാരിന്റെ കാലത്താണ് പൊഖ്‌റാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ പൊഖ്‌റാൻ അണുസ്‌ഫോടന പരീക്ഷണം നടത്താൻ തീരുമാനമെടുത്ത വാജ്‌പേയിയുടെ ധൈര്യം ശ്രദ്ധേയമായിരുന്നു. 1999 ഫെബ്രുവരിയിൽ തുടക്കം കുറിച്ച ഡൽഹി-ലഹോർ ബസ് സർവീസിനെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അദ്ദേഹം കാവൽ പ്രധാനമന്ത്രിയായിരിക്കെയാണ് കാർഗിലിൽ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ഓപ്പറേഷൻ വിജയ് എന്ന കാർഗിൽ യുദ്ധം വാജ്‌പേയിക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു. തുടർന്ന് 1999ൽ കേവലഭൂരിപക്ഷം നേടി വാജ്‌പേയി മന്ത്രിസഭ മൂന്നാം തവണയും അധികാരത്തിലെത്തി. സ്ഥിരത അവകാശപ്പെടാൻ കഴിഞ്ഞ ആദ്യ കോൺഗ്രസിതര സർക്കാരായിരുന്നു അത്. സാമ്പത്തികരംഗത്തു കുതിപ്പുണ്ടാക്കിയും രാഷ്ട്രീയ എതിരാളികളെ അടിയറവ് പറയിച്ചും അദ്ദേഹം തിളങ്ങി. സുവർണചതുഷ്‌കോണ പദ്ധതിയിലൂടെ ഇന്ത്യൻ ഗതാഗതരംഗത്തെ ഏറ്റവും വലിയ വിപ്ലവത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
മികച്ച പാർലമെന്റേറിയനും സഹൃദയനുമായിരുന്ന വാജ്പേയി ഒരു നല്ല കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആവേശോജ്ജ്വല പ്രസംഗങ്ങളിൽ രാഷ്ട്രീയദർശനങ്ങളും കവിതകളും അനർഗളം ഒഴുകി. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ചടുലവും ആക്രമണോത്സുകവുമായിരുന്നു. അതുകൊണ്ടുതന്നെ അതിന് ആരാധകർ ഏറെയായിരുന്നുതാനും.
Story Highlights -Adal bihari vajpay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here