ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയും ചടങ്ങുകൾ മാത്രമായി ചുരുങ്ങി; ആഘോഷങ്ങളില്ലാതെ ആറന്മുളക്കാരുടെ ഓണം

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയുമെല്ലാം ചടങ്ങുകൾ മാത്രമായി ചുരുങ്ങിയതോടെ ആരവങ്ങൾ ഇല്ലാതെ കടന്ന് പോകുകയാണ് ആറന്മുളക്കാരുടെ ഓണക്കാലം. ഓഗസ്റ്റ് ആദ്യ വാരം മുതൽ ആരംഭിക്കേണ്ട ഓണക്കാല ഒരുക്കങ്ങളുടെ പ്രൗഢി ഇത്തവണയില്ല. കൊവിഡ് കാലത്ത് ഓണഘോഷം ചുരുങ്ങിയതിന്റെ ദുഃഖത്തിലാണ് ആറന്മുളക്കാർ.
സാധാരണയായി ചിങ്ങം പിറക്കും മുൻപേ തുടങ്ങുന്നതാണ് ആറന്മുളക്കാരുടെ ഓണക്കാലം. പമ്പയാറിന്റെ തീരങ്ങളിൽ പിന്നെ രണ്ട് മാസം നീളുന്ന ആഘോഷമാണ്. ചരിത്രമുറങ്ങുന്ന പാർത്ഥസാരഥിയുടെ മണ്ണിലേക്ക് പത്തനംതിട്ട വടശേരിക്കരയിലെ എടക്കുളം കര മുതൽ ആലപ്പുഴയിലെ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ പമ്പയാറിനെ തഴുകിയെത്തും. പിന്നെ ഓണപ്പാട്ടും വള്ള സദ്യയും വള്ളം കളിയുമൊക്കെയായി ഉത്സവത്തിന്റെ ദിനങ്ങളാണ്. പക്ഷേ ഇത്തവണത്തെ ഓണക്കാലത്ത് ഇതെല്ലാം ആറന്മുളക്കാർക്ക് മധുരമുള്ള ഓർമകൾ മാത്രം.
Read Also : ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്
കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള തിരുവോണത്തോണി വരവുണ്ടെങ്കിലും അതും ഇത്തവണ ആചരം മാത്രമായി ചുരുക്കും. ഉത്സവക്കാലമായിരുന്ന ആറന്മുളയിലെ ഓണക്കാലം നഷ്ടമായതിലുള്ള സങ്കടം പങ്കുവെക്കന്നവരിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമുണ്ട്. എന്നാലും ശുഭപ്രതീക്ഷയിലാണ് ഇവിടുത്തുകാർ. ആറന്മുളയിലെ ഓണാഘോഷങ്ങളുടെ പ്രൗഢി വരും വർഷങ്ങളിൽ തിരികെ വരുമെന്ന് തന്നെ ഇവർ ഉറച്ച് വിശ്വസിക്കുന്നു.
Story Highlights – aranmula onam, covid times
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here