Advertisement

‘ഷെഫ്, ചോറും രസവും കിട്ടുമോ?’; ഹിന്ദി കലർന്ന തമിഴിൽ ധോണിയുടെ ചോദ്യം: ഓർമ്മകൾ പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള

August 17, 2020
4 minutes Read
suresh pillai about dhoni

കഴിഞ്ഞ ദിവസം വിരമിച്ച മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സുരേഷ് പിള്ള തിരുവനന്തപുരത്ത് ഇന്ത്യൻ ടീം എത്തിയപ്പോഴുണ്ടായ ഓർമ്മകൾ പങ്കുവച്ചത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാനെത്തി കോവളത്ത് തങ്ങിയ ഇന്ത്യൻ ടീമിൻ്റെ ഷെഫ് ആയിരുന്നു അദ്ദേഹം. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഷെഫ് സുരേഷ് പിള്ളയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം:

ധോണിക്കിഷ്ടപ്പെട്ട ചിക്കൻ വിഭവങ്ങളും പൂണ്ടുരസവും….

ഇന്ത്യ കണ്ട ഏറ്റവും മികച്ച, ബോൾഡായ, കൂളായ കരുത്തനായ നായകനാണ് ജീവിതത്തിലെ പുതിയ ഇന്നിങ്സ് തേടി നീലക്കുപ്പായത്തിൽ നിന്നൊഴിഞ്ഞത്. ധോണീ, താങ്കൾ സമ്മാനിച്ച ഓർമ്മകൾ വിരമിച്ചാലും രാജ്യത്തെ ഓരോ വ്യക്തിയുടെയും മനസ്സിൽ മായാതെ ശോഭിച്ചു നിൽക്കും.

ഷെഫ് എന്ന നിലയിൽ ധോണിയുമായി നേരിട്ട് ഇടപഴകാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. അതിലുപരി അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി അദ്ദേഹത്തിനൊപ്പം ചേർന്നു നിൽക്കാൻ കൂടി എനിക്ക് ഭാഗ്യം ലഭിച്ചു. കുറഞ്ഞ ദിവസമാണെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ആ നിമിഷങ്ങൾ മറക്കാനാവാത്തതായിരുന്നു.

2018 നവംബർ 1ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ഒക്ടോബർ 31നായിരുന്നു ടീം ഇന്ത്യ കോവളം റാവിസിൽ എത്തിയത്. കാര്യവട്ടം ഗ്രീൻഫീൽഡിൽ വെച്ചായിരുന്നു മത്സരം. ടീം ഇന്ത്യയെ വരവേൽക്കാൻ റാവിസും ഞങ്ങളും അത്യന്തം ആവേശത്തോടെയായിരുന്നു ഒരുങ്ങിയത്. അതിനായി കുറ്റമറ്റരീതിയിൽ സർവ്വ തയ്യാറെടുപ്പകളും തലേ ദിവസത്തോടെ തന്നെ പൂർത്തിയാക്കി. പിന്നീട് ഇന്ത്യൻ ടീമിനെയും കാത്തുള്ള ഞെരിപിരിയുടെ മണിക്കൂറുകളായിരുന്നു. ജീവിതത്തിൽ അത്രക്കും പിരിമുറുക്കം മുമ്പ് എനിക്കുണ്ടായത് ബി.ബി.സിയുടെ മാസ്റ്റർ ഷെഫിന്‍റെ ഫ്ലോറിൽ വെച്ചാണെന്നാണ് ഓർമ. ലോകം ആരാധിക്കുന്ന ഇന്ത്യക്കാർ നെഞ്ചേറ്റിയ ക്രിക്കറ്റ് ലേകത്തെ നക്ഷത്ര താരങ്ങളുടെ വരവ് അത്രക്ക് സന്തോഷമായിരുന്നു ഞങ്ങൾക്ക് നൽകിയത്.

വൈകീട്ട് 3 ചൊവ്വാഴ്‌ച ഉച്ചയോടെയാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ബസ്സിൽ താരങ്ങൾ റാവിസിലെത്തി. എന്‍റെ കണ്ണുകൾ മുഴുവൻ മറ്റുതാരങ്ങളെക്കാളുപരി ടിവിയിൽ മാത്രം കണ്ടു പരിചിതമായ നീളൻമുടിയുള്ള ധോണിയിലേക്ക് തന്നെയായിരുന്നു. ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് പൊടുന്നനെയാണ് ധോണി, കോഹ്ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, രവിശാസ്ത്രി, തുടങ്ങിയ ടീം ഇന്ത്യയുടെ നക്ഷത്രതാരങ്ങൾ അതീവ സുരക്ഷയിൽ കോവളം റാവിസിന്‍റെ ക്ലബ് സ്യൂട്ടിനു മുന്നിൽ ബസ്സിറങ്ങുന്നത്. ധോണിയെ നേരിട്ട് കണ്ടതോടെ ശരിക്കും എന്തോ തീവ്ര ആഗ്രഹം സഫലമായ പ്രതീതിയായിരുന്നു എനിക്ക്. ചിരിച്ചുകൊണ്ട് ഞങ്ങളെയെല്ലാം അഭിവാദ്യം ചെയ്താണ് സംഘം ബസ്സിൽ നിന്നിറങ്ങുന്നത്. പക്ഷേ അത് എന്നെ മാത്രം നോക്കി കൈവീശിയതാണോ എന്നുവരെ എനിക്ക് തോന്നിയിരുന്നു. കൈകൂപ്പിയാണ് ഞങ്ങൾ അവരെ വരവേറ്റത്. ചന്ദനക്കുറി നെറ്റിയിൽ തൊടുവിച്ച്, ചെമ്പരത്തിയും മുല്ലയും റോസയും ചേർത്ത് കക്കയുടെയും ശംഖിന്‍റെയും ഉണക്കിയ തോടും കോർത്ത മാല ധരിച്ചായിരുന്നു ഞങ്ങൾ അവരെ വരവേറ്റത്. വെൽകം ഡ്രിങ്കായി നൽകിയ തണുത്ത ചെങ്കരിക്ക് കുടിച്ചതോടെ യാത്രയുടെ ആലസ്യം വിട്ടൊഴിഞ്ഞ് ഉന്മേഷവാന്മാരായി അവരെ ആഢംബരത്തിന്‍റെ അവസാന വാക്കായ ക്ലബ്ബ് സ്യൂട്ടിന്‍റെ മുറിയിലേക്ക് എത്തിച്ചു.

രാത്രി ഏഴര മുതലാണ് അത്താഴത്തിന്‍റെ സമയം. ഓരോ താരത്തിന്‍റെ മുറിയിൽനിന്നും ഭക്ഷണ ഓർഡർ എത്തിത്തുടങ്ങിയിരുന്നു. എല്ലാവർക്കും പ്രിയം സീഫുഡ് തന്നെ. വൈവിധ്യങ്ങളായ അവരവരുടെ രുചിക്കനുസരിച്ചുള്ള വിഭവങ്ങളെല്ലാം ഞൊടിയിടെ തയ്യാറാക്കി നൽകിക്കൊണ്ടിരുന്നു. വിരാട് കോലിയുൾപ്പെടെ എല്ലാവർക്കും അവരവരുടെ മെനു പ്രകാരമുള്ള ഭക്ഷണം ഒരുക്കി റുമിലേക്ക് അയച്ചു കൊടുത്തെങ്കിലും ധോണിയുടെ ഓർഡർ മാത്രം വന്നില്ലായിരുന്നു. ഞാൻ മണിക്കൂറുകളായി പ്രതീക്ഷയോടെ കാത്തിരുന്ന ആ വിളി എത്താത്തതിൽ ഏറെ നിരാശനായിരുന്നു. കാത്തുകാത്തു സമയം രാത്രി 9.30 ആയിട്ടും ധോണിയുടെ വിളി മാത്രം വന്നില്ല. ഇതിനകം മറ്റു താരങ്ങൾ ഒഫീഷ്യൽസ് അടക്കം ഭൂരിഭാഗം താരങ്ങൾക്കും ഭക്ഷണം നൽകി കഴിഞ്ഞിരുന്നു.

നിരാശനായി ഇരിക്കുമ്പോഴാണ് 10 ഓടെ ക്ലബ് സ്യൂട്ടിലെ 302 -ാം റുമിൽ നിന്ന് ഒരു കാൾ റൂം സർവ്വീസിൽ എത്തുന്നത്. രവിശാസ്ത്രിക്കുള്ള കരിമീൻ പൊള്ളിച്ചു കൊണ്ടിരിക്കുമ്പോഴാണ് റൂം സർവ്വീസിൽനിന്ന് എനിക്കും വിളി വരുന്നത്. ‘ഷെഫ് ആപ് കോ ധോണി സാബ്കാ റും മെ ബുലാരേ’ എന്നായിരുന്നു സന്ദേശം’. ഞെട്ടിത്തരിച്ച എന്‍റെ കൈ വിറക്കാൻ തുടങ്ങിയിരുന്നു. അമ്പരപ്പും അന്ധാളിപ്പും മാറാതെ ഒരുനിമിഷം സ്റ്റക്കായി നിന്നുപോയ ഞാൻ. അതെ ഞാൻ കാത്തിരുന്ന ആ വിളിവന്നു. എത്രയോ കാലം ഒന്ന് അടുത്തുകാണാൻ കൊതിച്ച മനുഷ്യൻ. അതാ എന്നെ വിളിക്കുന്നു. പൊടുന്നനെ ഞാൻ ലിഫ്റ്റ് പോലും ഒഴിവാക്കി അണ്ടർഗ്രൗണ്ട് കിച്ചണിൽ നിന്ന് ഓടിക്കിതച്ച് മൂന്നാം നിലയിലെ ക്ലബ്‌ സ്യൂട്ടിലെ 1110 നമ്പർ മുറിയിലെത്തി. ഒരു മിനിറ്റ് നേരം കിതപ്പ് മാറ്റി മുഖം തുടച്ച് പ്രസന്നനായി ശ്വാസം അടക്കിപ്പിച്ച് പതുക്കെ മൂന്നുതവണ വാതിലിൽ മുട്ടി. ഒരു നിമിഷം എന്നെ സ്തബ്ധനാക്കി വിയർത്ത് വിറക്കുന്ന എന്‍റെ മുന്നിൽ ആ വാതിൽ തുറക്കുന്നു. അതാ ഇന്ത്യൻ ജഴ്സിയും ഷോർട്സുമിട്ട് സാക്ഷാൽ ധോണി. ദൈവമേ… ഞാനാകെ വല്ലാതായി പോയിരുന്നു.

‘ഹലോ ഷെഫ്. സുഖമല്ലേ? എന്താണ് രാത്രിയുള്ള മെനു? എന്താണ് കഴിക്കാനുള്ളത്?’ എന്ന തമിഴ് കലർന്ന ചേദ്യത്തിന് ഒറ്റ ശ്വാസത്തിൽ അവിടെ കരുതിയ കരിമീൻ, ചെമ്പല്ലി, കണമ്പ്, ഞെണ്ട്, കൊഞ്ച് , കല്ലുമ്മക്കായ, തുടങ്ങിയ മത്സ്യ വിഭവങ്ങളുടെ പേര് പറഞ്ഞു. ഇതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് വന്നു ധോണിയുടെ മറുപടി. ‘ഷെഫ് മേ നെ സീഫുഡ് നഹീ കായേഗാ, മേ അലർജിക് ഹൂം.’ ധോണിയുടെ ആചിരിയിൽ ഞാനാകെ ചൂളിപ്പോയി. അഷ്ടമുടികായലിലെയും അറബിക്കടലിലെയും ലഭ്യമായ എല്ലാ മത്സ്യവിഭവങ്ങളും കരുതി താരങ്ങൾക്ക് അതിൽ നിന്ന് അവരുടെ ഇഷ്ടത്തിന് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സന്തോഷിപ്പിച്ച എനിക്ക് ഈ മറുപടി കേട്ടപ്പോൾ നിരാശ തോന്നി. ഉടൻ തിരികെ ചോദിച്ചു. ‘സർ അങ്ങേക്ക് എന്താണ് വേണ്ടത്?’ മത്സ്യ വിഭവങ്ങളൊഴിച്ച് ഇഷ്ടമുള്ള ഏത് വിഭവമാണ് വേണ്ടത്. ഉടൻ വന്നു മറുപടി ‘ഷെഫ് എനിക്ക് നല്ലൊരു ചിക്കൻ കറി വേണം, അൽപ്പം ചോറും. എനിക്ക് നല്ല തൊണ്ട വേദനയുണ്ട്. അൽപം എരിവുള്ള രസം കൂടെ കിട്ടുമോ?’ അതും ‘പൂണ്ട് രസം കടക്കുമാ?’ എന്നായിരുന്നു. ഞാൻ ആകെ അന്താളിച്ചു. ഝാർഗണ്ടിൽ ജനിച്ചു വളർന്ന ധോണി കർമ്മം കൊണ്ട് ചെന്നൈ ടീമിനൊപ്പം നടന്ന് പാതി ഹിന്ദി കലർന്ന തമിഴിൽ രസം കിട്ടുമോ എന്ന ചോദിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

‘ഓകെ സർ’ എന്നു പറഞ്ഞു 20 മിനിറ്റ് സമയം ചോദിച്ച് അടുക്കളിയിലെത്തി നല്ല രുചിയേറും ചെട്ടിനാട് ചിക്കനും, ബസുമതി ചോറും, ചുട്ട പപ്പടവും, കുരുമുളകും വെളുതത്തുള്ളിയും ചതച്ച് പിഴിഞ്ഞ പുളി ഒരു തിള തിളപ്പിച്ച രസവുമായി അദ്ദേഹത്തിനടുത്തെത്തി. ‘നന്ദി ഷെഫ്’ എന്ന് സ്നേഹത്തോടെ പറഞ്ഞു. ഞാൻ തിരികെ മടങ്ങി. പിറ്റേ ദിവസം പതിവ് വ്യായാമത്തിനായി രാവിലെ ഇറങ്ങിയ ധോണി എന്നെ കണ്ടതോടെ ചേർത്തുപിടിച്ച് തലേ ദിവസത്തെ ഭക്ഷണത്തിന് നൂറുമാർക്കാണ് നൽകിയത്. ശരിക്കും പറഞ്ഞാൽ കുളിരുള്ള ഓർമ്മ.

അന്ന് ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും സീഫുഡ് മാത്രം കഴിച്ചപ്പോൾ ധോണി കഴിച്ചത് ചിക്കൻ വിഭവങ്ങൽ മാത്രമായിരുന്നു. അത്രക്ക് ഇഷ്ടമായിരുന്ന് ധോണിക്ക് വ്യത്യസ്തമായ കോഴി വിഭവങ്ങൾ. ധോണിക്കായി നാടൻ കോഴിക്കറി, ചിക്കൻ സ്റ്റ്യൂ, കോഴി മപ്പാസ്, ബട്ടർ മപ്പാസ്, ഒരു ദിവസം മുമ്പ് മുളക് തേച്ചു പുരട്ടി ഗ്രാമ്പൂ ഇട്ട് പുകച്ച് തന്തൂരിയിൽ ചുട്ടെടുത്ത കബാബ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളായിരുന്നു നാലുദിവസവും തയാറാക്കി വിളമ്പി നൽകിയത്. നാലു ദിവസമാണെങ്കിലും റാവിസിലെ ധോണിക്കൊപ്പമുള്ള ആ മനോഹര നിമിഷങ്ങൾ ഇവിടെ പങ്കുവെച്ചെന്ന് മാത്രം. എന്‍റെ ഓർമ്മയിലെ ധോണി കൂളാണ്.

ദാദ വാർത്തെടുത്ത് ഇന്ത്യൻ ടീമിന് പുതിയ മുഖം നൽകിയ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റൻ. മികച്ച ഒരുപാട് ക്യാപ്റ്റൻമാരുണ്ടായിരുന്ന ഇന്ത്യൻ ടീം. ഇനിയും ഒരുപാട് ക്യാപ്റ്റൻമാർ വരാനിരിക്കുന്ന ഇന്ത്യൻ ടീം. ഇല്ല ധോണി നിങ്ങൾ എന്നും ഞങ്ങളുടെ വികാരമാണ്. നീളൻ മുടിക്കാരനായ ഇന്ത്യയുടെ അഭിമാനാമായ മഹിയുടെ ഹെലികോപ്റ്റർ ഷോട്ടുകൾ എന്നും ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പോലെ എന്‍റെയും ഓർമ്മയിൽ മിന്നിമറയും. നന്ദി പ്രിയപ്പെട്ട ധോണി, ക്രിക്കറ്റ് പ്രേമികളിൽ നീ നിറച്ച ലഹരിക്ക്, തൊണ്ട അടപ്പിച്ച ആരവങ്ങൾക്ക്, മിന്നൽ സ്റ്റമ്പിങ്ങുകൾക്ക്. ഇല്ല, മഹാന്മാർ ഒരിക്കലും വിരമിക്കുന്നില്ല….

Story Highlights chef suresh pillai about ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top