എറണാകുളത്ത് 103 വയസ്സുകാരനായ കൊവിഡ് രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു

103 വയസ്സുകാരനായ കൊവിഡ് രോഗി രോഗം ഭേദമായി ആശുപത്രി വിട്ടു. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശി പുറക്കോട്ട് വീട്ടിൽ പരീദ് ആണ് കൊവിഡ് മുക്തനായത്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടിട്ടുണ്ട്.
Read Also : കൊവിഡ് വ്യാപനം; അമല മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണങ്ങള്‍
ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ പരീദ് ആണ് തന്റെ 103 ആം വയസിൽ കോവിഡ് മുക്തനായത്.
പ്രായമായവരിൽ വളരെയധികം ഗുരുതരമാവാൻ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇൽ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അർപ്പണ ബോധത്തിന്റെയും നേട്ടമാണ്. എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രം എന്ന നിലയിൽ കഴിഞ്ഞ ആറ് മാസമായിമികച്ച പ്രവർത്തനമാണ് കളമശ്ശേരി മെഡിക്കൽ കോളേജ് കാഴ്ചവെച്ചിരിക്കുന്നത്. ആയിരത്തിലേറെ രോഗികൾ ഈ മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും എന്റെ അഭിനന്ദനങ്ങൾ.
ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് പരീദ് കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങൾ ഇല്ലെങ്കിലും ഉയർന്ന പ്രായം പരിഗണിച്ചു പ്രത്യേക മെഡിക്കൽ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്. രോഗം സ്ഥിരീകരിച്ചു 20 ദിവസം കൊണ്ട് തന്നെ അദ്ദേഹം രോഗമുക്തനായി. കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാർ അദ്ദേഹത്തെ പൊന്നാടയും പുഷ്പങ്ങളും നൽകി യാത്രയാക്കി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിൽ 105 വയസുകാരി അസ്മ ബീവിയേയും നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
Story Highlights – 103 years old covid patient discharged from hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here