Advertisement

കണ്ണീരണിഞ്ഞ ഒരു സംഗീത സന്ധ്യയിൽ

August 19, 2020
1 minute Read

..

അമരവിള സതീഷ്/ അനുസ്മരണം

ഫ്‌ളവേഴ്‌സ് ടി.വി സീനിയർ പ്രൊഡ്യൂസറാണ് ലേഖകൻ

തികച്ചും അപ്രതീക്ഷിതമായിരുന്നു കോഴിക്കോട്ടേക്ക് ഒരു സംഗീത സാഗരത്തെ ക്യാമറക്കണ്ണുകളിൽ കോരിയെടുക്കാനുള്ള ദൗത്യവുമായി എന്റെ യാത്ര. ഹിന്ദുസ്ഥാനി സംഗീതം അറിയാമല്ലോ എന്ന കുസൃതി നിറഞ്ഞ ചോദ്യവുമായി അനിൽ അയിരൂർ ചേട്ടനാണ് ഫ്ളവേഴ്സ് ക്യാമാറാ ടീമിനോടൊപ്പം പ്രൊഡ്യൂസറായി എന്നോട് അന്ന് കോഴിക്കോട്ടേക്ക് പോകാൻ പറഞ്ഞത്.

പത്രങ്ങളിലെ ഞായറാഴ്ച പതിപ്പുകളിൽ വായിച്ചു പരിചിതമായ ഒരു പണ്ഡിത സംഗീത നാമം പണ്ഡിറ്റ് ജസ്രാജ്. അദ്ദേഹം കോഴിക്കോട്ട് പാടുന്നു എന്നതിനപ്പുറം അമിതമായ ആത്മബന്ധം എനിക്ക് ലോകമറിയുന്ന ആ മഹാഗായകനോടും, ശാസ്ത്രീയമായ ചിട്ടപ്പെടുത്തിയ സംഗീത കച്ചേരികളോടും ഇല്ലായിരുന്നു എന്നതാണ് സത്യം. ഉച്ചയോടെ കോഴിക്കോടെത്തി നഗരഹൃദയത്തിലെ വേദിയിലെത്തി. ദീപക് ബാലുശേരിയും, ലെബിൻ ചേട്ടനും മിഥുനും പിന്നെ അനന്തുവും, ജയൻ മണീടുമെല്ലാം ഉൾപ്പെടുന്ന ക്യാമറാ ടീമാണ് ഒപ്പം വന്നത്. വൈകുന്നേരത്തിനു മുൻപേ ഷൂട്ടിംഗ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. കോഴിക്കോട് നഗരം നിറഞ്ഞ സദസായി ഒഴുകിയെത്തിയ ആ സംഗീത സന്ധ്യ തുടങ്ങാൻ ഞങ്ങൾ കാത്തിരുന്നു.

കച്ചേരിക്കിടയിൽ ഗായകനും, സദസിനും നീരസമുണ്ടാക്കാനാകാതെ വേദിയിൽ കയറി ഒരു ഫൈവ് ഡി ക്യാമറയിൽ ക്ലോസ് വിഷ്വൽസ് കിട്ടുമോ എന്ന അന്വേഷണത്തിനായി ഞാനും ക്യാമറാമാനും സ്റ്റേജിലാകെ ഒന്നു കറങ്ങി. അപ്പോഴാണ്, കണ്ടുമറക്കാത്ത ഒരു ദൂരദർശൻ ഹിന്ദി പരമ്പരയിലെന്നപോലെ ചൈതന്യം നിറഞ്ഞ മുഖവുമായി ഒരു സംഗീത സന്യാസി സ്റ്റേജിലേക്ക് കടന്നുവരുന്നത്. നിറഞ്ഞ സദസ് മുഴുവൻ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നു. സ്റ്റേജിലേക്ക് ആരൊക്കെയോ തിക്കിത്തിരക്കി വരുന്നു. നര വീഴാത്ത ചിരിയുമായി ഒരു പൂജാരിയെപോലം പുഞ്ചിരിച്ചെത്തിയ അദ്ദേഹത്തിന്റെ കാൽക്കൽ വീഴുന്നു. എന്റെ തൊട്ടരികിലെത്തിയപ്പോൾ ഞാൻ അറിയാതെ ആ കാലിൽ തല കുനിച്ച് തൊട്ടു. എന്റെ കൈവിരലുകളിൽ ഒരു വൈദ്യുതി പ്രവാഹം പോലെ.. അത്ഭുതങ്ങൾ അവിടെയും അവസാനിച്ചിട്ടില്ല.

കൃഷ്ണഗാഥയായും, രാമകഥയായും ഇശൽ നിലാവായും ആ രാഗ ഗാന ഗംഗ ഒഴുകിയെത്തിയപ്പോൾ സദസിന്റെ അരികിൽ വെറും നിലത്തിരിക്കുകയായിരുന്നു ഞാൻ. പലപ്പോഴും നിശബദ്മായി കരഞ്ഞുകൊണ്ട് ആ സംഗീത പ്രവാഹത്തിൽ ഞാൻ എവിടേക്കൊക്കയോ ഒഴുകിപ്പോയി. കണ്ണു തുടച്ച് ഞാൻ നോക്കുമ്പോൾ സദസ് മുഴുവൻ എണീറ്റുനിന്ന് കൈയടിക്കുന്നു. കണ്ണുകൾ തുടയ്ക്കുന്നു. ശരിക്കുമൊരു വിസ്മയാനുഭവം.

എന്നാൽ അതൊന്നുമായിരുന്നില്ല കണ്ണുനീരിന്റെ ജ്ഞാന സ്നാനം. കച്ചേരിക്കിടയിൽ പണ്ഡിറ്റ് ജസ്രാജ്, എന്റെ പ്രിയ ശിഷ്യൻ എന്ന മുഖവുരയോടെ സാന്ദ്രമായ ഹിന്ദിയിൽ രമേഷ് നാരായൺ എന്ന സംഗീതജ്ഞനെ നിറഞ്ഞ സദസിനു മുന്നിൽ അവതരിപ്പിച്ചു.

പിന്നീട് അവിടെ ഉയർന്നത് ഇടറിയ വാക്കുകളും, വിതുമ്പലുകളും മാത്രമായിരുന്നു. രമേഷ് നാരായൺ വേദിയിൽ അക്ഷരാർത്ഥത്തിൽ കരയുകയായിരുന്നു. തന്റെ വീട്ടിൽ മഹാഗുരുനാഥനായ സംഗീത ചക്രവർത്തി പണ്ഡിറ്റ് ജസ്രാജ് വരാൻ കാണിച്ച വാത്സല്യത്തെക്കുറിച്ച് പറയവേ അദ്ദേഹം ഒരു കൊച്ചുകുട്ടിയെപോലെ പൊട്ടിക്കരഞ്ഞു. നെഞ്ചോടു ചേർത്ത് ശിഷ്യന്റെ ചുമലിൽ തട്ടി ആ മഹാഗായകൻ ആശ്വസിപ്പിച്ചപ്പോൾ സദസ് മുഴുവൻ എണീറ്റു നിൽക്കുകയായിരുന്നു. അതുവരെ അലയടിച്ചുയർന്ന കീർത്തനങ്ങൾക്കുമപ്പുറം ആ ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയിൽ ഞാൻ സ്വയം അലിഞ്ഞില്ലാതായി. ഞാനെന്ന ഭാവം ഞാനറിയാതെ ആ നിമിഷം വിദൂരതയിലേക്ക് പറന്നുപോയി.

മഹാപ്രതിഭയായ പണ്ഡിറ്റ് ജസ്രാജ് മനുഷ്യ സ്നേഹത്തിന്റെ മഹാഗായകനായിരുന്നു മരണമെത്തും വരെയും.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Pandit Jasraj, Amaravila satheesh, Anusmaranam, Readers blog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top