വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ കൊള്ള: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ കൊള്ളയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചരിത്രത്തിന്റെ ഭാഗമായുള്ള ഒരു വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ വിറ്റഴിച്ചിരിക്കുന്നത്. 170 കോടി രൂപയാണ് ഈ വാമാനത്താവളത്തില്‍ ഒരു വര്‍ഷം ലാഭമായുണ്ടാകുന്നത്. വിമാനത്താവള കച്ചവടത്തിന് പിന്നില്‍ ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിമാനത്താവളത്തിന് കാലാകാലങ്ങളില്‍ ആവശ്യമായി വന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ഘട്ടങ്ങളായി വാങ്ങി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയതാണ്. നിലവില്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇത്കൂടാതെയാണ് റണ്‍വേ വിപുലീകരിക്കുന്നതിന് 18 ഏക്കര്‍ സ്ഥലം വാങ്ങി നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ ഭൂമി അടക്കമാണ് ഒരു സ്വകാര്യ മുതലാളിക്ക് വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
ആയിരക്കണക്കിന് വിമാനത്താവള ജീവനക്കാരുടെ ഭാവി തുലാസിലാക്കുന്ന തീരുമാനമാണ്. വിമാനത്താവളത്തിന് ചരിത്രപരമായ പ്രാധാന്യം ഉണ്ട്. അതുപോലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ അഭിമാനമായ വിമാനത്താവളത്തെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്‍വലിക്കണം. കനത്ത അഴിമതിയാണ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി നേതൃത്വവും എന്തു തീരുമാനമാണ് എടുക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സംസ്ഥാന സര്‍ക്കാരിന് വിമാനത്താവളങ്ങള്‍ നടത്തി പരിചയമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ കമ്പനിക്ക് നല്‍കിയത്. അന്‍പത് കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്കായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. കേരള സര്‍ക്കാര്‍ കമ്പനി ഉണ്ടാക്കി വിമാനത്താവളം നടത്താമെന്ന നിര്‍ദേശം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞു.
Story Highlights – thiruvananthapuram airport, Minister Kadakampally Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here