കഥാപാത്രങ്ങളായി രണ്ട് ഉറുമ്പുകളും കുഴിയാനയും; ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കിയ ഗംഭീര ഹ്രസ്വചിത്രം: ‘ആന്റിഹീറോ’ വൈറൽ

രണ്ട് ഉറുമ്പുകളും കുഴിയാനയും മാത്രം അഭിനയിച്ച ഒരു ഹ്രസ്വചിത്രം. ഇംഗ്ലീഷ് ഒന്നുമല്ല, മലയാളം തന്നെ. അതെ, സിനിമാ പ്രേമികൾ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു ഹ്രസ്വചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആൻ്റിഹീറോ എന്നാണ് ചിത്രത്തിൻ്റെ പേര്. പെൻഡുലം ഫിലിംസിൻ്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ചിത്രം നിരവധി സെലബ്രറ്റികളും പങ്കുവച്ചിട്ടുണ്ട്.
6 മിനിട്ടാണ് ചിത്രത്തിൻ്റെ ദൈർഘ്യം. രണ്ട് ഉറുമ്പുകളും ഒരു കുഴിയാനയുമാണ് ചിത്രത്തിൽ ‘അഭിനയിച്ചിരിക്കുന്നത്’. വിഎഫ്എക്സുകളുടെ സഹായമില്ലാതെ റിയലസ്റ്റിക് ആയ മേക്കിംഗ്. മാക്രോ ലെൻസ് ഉപയോഗിച്ചാണ് ചിത്രീകരണം. ഒന്നരവർഷം കൊണ്ടാണ് ഹ്രസ്വചിത്രം പൂർത്തിയായത്. ഗംഭീരമായ എഡിറ്റിംഗും അതിലും ഗംഭീരമായ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ നിലവാരം വളരെ മികച്ചതാക്കുന്നുണ്ട്.
ചിത്രത്തെപ്പറ്റിയും ഷൂട്ടിംഗിനെപ്പറ്റിയും ചിത്രത്തിൻ്റെ സംവിധായകൻ സിദ്ധു ദാസ് 24 വെബിനോട് പ്രതികരിച്ചു.
അങ്ങനെ ആദ്യം ഒരു ത്രെഡ് എഴുതി. അതിൽ ഫാൻ്റസി ഇല്ലായിരുന്നു. കുഴിയാന കുഴി കുഴിച്ച് ഉറുമ്പിനെ പിടിക്കുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ.
“ഒരു വർഷമെടുത്തു ഷൂട്ട് ചെയ്യാൻ. കൃത്യമായി പറഞ്ഞാൽ 2019 ഏപ്രിലിൽ ഷൂട്ട് തുടങ്ങി 2020 മെയിൽ അവസാനിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്യും, പിന്നെ ഒന്നോ രണ്ടോ ദിവസമോ ഒരു ആഴ്ചയോ ബ്രേക്കെടുക്കും. എന്നിട്ട് വീണ്ടും ഷൂട്ട് ചെയ്യും. അതായിരുന്നു പതിവ്. കഥ നാലഞ്ച് ഭാഗങ്ങളായി തിരിച്ചിരുന്നു. ഉറുമ്പിൻ്റെ ജീവിതം, വില്ലൻ്റെ ഇൻട്രോ, ആക്രമണം, മരണം, ഹീറോയുടെ വരവ് അങ്ങനെ കുറച്ച് ഭാഗങ്ങളാക്കി തിരിച്ചു. ഈ ഭാഗങ്ങളിലൊക്കെ വ്യത്യസ്ത പശ്ചാത്തല സംഗീതമായിരുന്നു വേണ്ടത്. പക്ഷേ, ആളുകൾ ആ ഒഴുക്കിൽ നിന്ന് പുറത്ത് പോകരുതെന്നുണ്ടായിരുന്നു. അതിൽ നന്നായി പണിയെടുത്തു. ഔട്ട്ഡോർ ഷൂട്ട് നടക്കില്ലെന്ന് ആദ്യമേ മനസ്സിലാക്കി. കാരണം, മഴയും വെയിലുമൊക്കെ മാറുമ്പോൾ മണ്ണിൻ്റെ ടെക്സ്‌ചർ മാറും. അതുകൊണ്ട് മണൽ നിറച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി അതിലായിരുന്നു ഷൂട്ട്.”- സിദ്ധു പറഞ്ഞു.
ഉറുമ്പുകൾ രണ്ട് രീതിയിലാണ്. ചിലർ ഭക്ഷണം തേടിപ്പോകും, മറ്റ് ചിലർ കൂട് വൃത്തിയാക്കും. ഒരിക്കലും ഇവർ പരസ്പരം ജോലി മാറി ചെയ്യില്ല.
“മാക്രോ ഫോട്ടോഗ്രഫിയിൽ എനിക്ക് നല്ല താത്പര്യമുണ്ട്. വീടിനരികിൽ കുഴിയാനകളെ കണ്ടാണ് വളർന്നത്. നമ്മൾ കാണും പോലെയല്ല അവരുടെ ജീവിതം. മറ്റൊരു ലോകമാണ്. അങ്ങനെ ഒരു ലോകത്തു നിന്ന് ഒരു കഥ പറയുമ്പോൾ അത് വ്യത്യസ്തമായിരിക്കും എന്ന് തോന്നി. അങ്ങനെ ആദ്യം ഒരു ത്രെഡ് എഴുതി. അതിൽ ഫാൻ്റസി ഇല്ലായിരുന്നു. കുഴിയാന കുഴി കുഴിച്ച് ഉറുമ്പിനെ പിടിക്കുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷമാണ് ഒരു ഹീറോയെ കൊണ്ടുവരാൻ തീരുമാനിക്കുന്നത്. അത് എഴുതാൻ എളുപ്പമായിരുന്നു. നടത്തിയെടുക്കാനാണ് ബുദ്ധിമുട്ടിയത്. ഉറുമ്പുകൾ രണ്ട് രീതിയിലാണ്. ചിലർ ഭക്ഷണം തേടിപ്പോകും, മറ്റ് ചിലർ കൂട് വൃത്തിയാക്കും. ഒരിക്കലും ഇവർ പരസ്പരം ജോലി മാറി ചെയ്യില്ല. അങ്ങനെ ഉറുമ്പുകളുടെ ഈ വിഭാഗം രണ്ടും നിരീക്ഷിച്ച് കണ്ടുപിടിച്ചു. “- പിന്നെ സിദ്ധു ചെയ്തത് ചില കൺകെട്ട് വിദ്യയായിരുന്നു. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു സഞ്ചാരം. മേക്കിംഗ് വീഡിയോ വരാനുണ്ട് എന്ന് സംവിധായകൻ പറഞ്ഞതു കൊണ്ട് അത് വെളിപ്പെടുത്തുന്നില്ല.
Read Also : വെനീസ് ചലച്ചിത്രമേളയിൽ ശ്രദ്ധേയമായ പുരസ്കാരവുമായി മലയാള ഹ്രസ്വചിത്രം
നടന്മാരായ വിനയ് ഫോർട്ട്, ആൻ്റണി വർഗീസ്, നീരജ് മാധവ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരൊക്കെ ഷോർട്ട് ഫിലിം പങ്കുവച്ചു എന്ന് സിദ്ധു പറയുന്നു. സംവിധായകൻ ബേസിൽ ജോസഫ് ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്യുകയും ചെയ്തു.\
മഹാരാജാസ് കോളജിലെ മുൻ ബിഎസ്‌സി ബോട്ടണി വിദ്യാർത്ഥിയായ സിദ്ധു ദാസാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആലപ്പുഴയിലെ വയലാറാണ് സ്ഥലം. സിദ്ധുവും ആഷിൻ പ്രസാദും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യദു കൃഷ്ണ പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും. വിഷ്ണു വിശ്വനാഥനാണ് എഡിറ്റ്. ആദി ശങ്കറാണ് മിക്സിംഗും മാസ്റ്ററിംഗും. വിഷ്ണു വി കളറിംഗ്.
Story Highlights – antihero short film viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here