പാലാരിവട്ടം മേൽപ്പാലം പുതുക്കി പണിയാൻ അനുമതി നൽകണം; സുപ്രിംകോടതിയിൽ അപേക്ഷ നൽകി കേരളം

പാലാരിവട്ടം മേൽപ്പാലം പുതുക്കി പണിയാൻ അനുമതി നൽകണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഭാരപരിശോധനയിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്.
ഓഗസ്റ്റ് 28 ന് കേസ് പരിഗണിക്കണമെന്നും അപേക്ഷയിൽ പറയുന്നു.
2016 ഒക്ടോബർ 12നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ പാലം നിർമിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോൾ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തിയിരുന്നു. തുടർന്ന് 2019 മേയ് 1ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി. മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധർ വിലയിരുത്തി.
പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്‌സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു.
Read Also : ‘നമിച്ചാശാനേ..’; ആർക്കും ഉപകാരമില്ലാത്ത ചില ‘നിർമിതികൾ’
പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ്, പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
Story Highlights – kerala sought sc nod to restart palarivattom bridge construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here