സ്വർണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്റെ ഏകദിന ഉപവാസ സമരം

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ഏകദിന ഉപവാസ സമരം ആരംഭിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസ് സമരം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ കേരളം കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ വിമർശിച്ചു.
തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരനടക്കം നേരത്തേ ഉപവാസ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും, തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വലിയ വിമർശനങ്ങളാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്. തിരുവനന്തപുരത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്ന സമീപനമാണ് സിപിഐഎമ്മും കോൺഗ്രസും സ്വീകരിക്കുന്നതെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.
മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തെ കൂട്ടുപിടിച്ച് രക്ഷപെടാൻ ശ്രമിക്കുന്നുവെന്നും, വിശുദ്ധ ഗ്രന്ഥത്തിൽ സ്വർണ്ണം കടത്തിയ കുറ്റത്തിനാവും ജലീൽ മറുപടി പറയേണ്ടി വരികയെന്നും ബി.ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണ വിഷയത്തിൽ മുഖ്യമന്ത്രി കുമ്പിടി കളിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയിലെ എതിർപ്പ് അദാനി എ.കെ.ജി സെന്റെറിൽ വന്നപ്പോൾ മഞ്ഞുരുകിയെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. വരും ദിവസങ്ങളിലും സർക്കാരിനെതിരെ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നിലവിൽ ബി.ജെ.പിയുടെ തീരുമാനം.
Story Highlights – k surendran hunger strike demanding cm resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here