സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശൻ; സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം

പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ അവതരണം തുടങ്ങി. വി ഡി സതീശൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഓണക്കിറ്റ് തുടങ്ങിയ വിവാദങ്ങൾ എല്ലാ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ പ്രമേയ അവതരണം.
മുഖ്യമന്ത്രി പിണറായി വിജയനെ ബ്രൂട്ടസ് എന്ന് വിശേഷിപ്പിച്ചാണ് വി ഡി സതീശൻ പ്രസംഗം ആരംഭിച്ചത്. ഭരണത്തിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും ദൗർഭാഗ്യവശാൽ ചുഴലിയിൽപ്പെട്ട അവസ്ഥയിലാണ് സർക്കാരെന്നും സതീശൻ പറഞ്ഞു. സർക്കാരിനെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി.സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പ്ലാൻ നടക്കുന്നുണ്ട്. കേരളത്തിന്റെ പ്രബലമായ, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് ഉപയോഗിച്ചത്.
സർക്കാരിന്റെ വകുപ്പുകൾ കൈയിലിട്ട് അമ്മാനമാടുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ തന്നെ കള്ളക്കടത്തുകാർ കൈയിലാക്കി. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന വകുപ്പിൽ പിൻവാതിലിലൂടെ നിയമനം നടക്കുമ്പോഴും മുഖ്യമന്ത്രി അത് അറിഞ്ഞില്ലെന്ന് പറയുന്നു. ആർക്കും വരുതിയിൽ ആക്കാൻ പറ്റുന്ന ഓഫീസായി, മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ കരാർ നിയമം ലംഘിച്ചാണ് ഒപ്പുവച്ചതെന്ന് വി ഡി സതീശൻ ആരോപിച്ചു. മന്ത്രി കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച സതീശൻ, കള്ളക്കടത്തിന് വിശുദ്ധ ഗ്രന്ഥമല്ല മറയാക്കേണ്ടതെന്നും തുറന്നടിച്ചു.
Story Highlights – Pinarayi vijayan, Gold smuggling, V D Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here