ഭരണപക്ഷത്തിന്റെ വാദമുഖങ്ങള്‍ നനഞ്ഞ പടക്കം പോലെ: രമേശ് ചെന്നിത്തല

ഭരണപക്ഷത്തിന്റെ വാദമുഖങ്ങള്‍ നനഞ്ഞ പടക്കം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മംഗളപത്രമെഴുതുന്ന ചടങ്ങ് മാത്രമാണ് ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. നാലര വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കീറിമുറിച്ച് പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചു. കേരളത്തിലെ മൂന്നരകോടി ജനങ്ങള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം വരും നാളുകളില്‍ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും. കൊള്ളസംഘത്തിന്റെ ഭരണമാണ് നിലവില്‍ സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിമാര്‍ ഒരു കാര്യവും അറിയുന്നില്ല. യഥാര്‍ത്ഥ മന്ത്രി ശിവശങ്കറായിരുന്നു. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണിത്. രാജഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. പിണറായി വിജയനെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്ന് കാലങ്ങള്‍ തെളിയിക്കും.
രേഖകളുടെ പിന്‍ബലമില്ലാതെ ഒരു ആരോപണവും പ്രതിപക്ഷ നേതാവെന്ന നിലയില്‍ അവതരിപ്പിച്ചിട്ടില്ല. ഉന്നയിച്ച ആരോപണങ്ങള്‍ കേരളം നാളെ വിലയിരുത്തും. കൊവിഡിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Ramesh Chennithala, niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here