സെക്രട്ടേറിയറ്റിലെ തീപിടുത്തം; യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശി.
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ സമരവേലിയേറ്റമായിരുന്നു. രാവിലെ യുഡിഎഫിന്റെ കരിദിനാചരണത്തോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമായത്. പ്രതിഷേധ കൂട്ടായ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞ് പോയതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചമായെത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് കന്റോണ്‍മെന്റ് റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കിയും രണ്ട് തവണ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പി.കെ. കൃഷ്ണദാസ്, വി.വി. രാജേഷ്, എസ്. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പിന്നാലെ പ്രതിഷേധ മാര്‍ച്ചായെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റ് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
Story Highlights – kerala Secretariat fire, Youth Congress march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here