‘മൂന്ന് മാസമായി കൂലി ലഭിക്കാത്തവരോടാണ് ആത്മാർത്ഥതയോടെ ജോലിക്കെത്താൻ പറയുന്നത്’; കണ്ണൂർ കളക്ടർക്കെതിരെ ജൂനിയർ ഡോക്ടർ

junior doctor kannur collector

കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസിനെതിരെ ജൂനിയർ ഡോക്ടർ അഭിനന്ദ് സൂര്യ. കൊവിഡ് ഡ്യൂട്ടിക്ക് അധികമായി നിയമിച്ച ഡോക്ടർമാരിൽ പലരും ജോലിക്കെത്തുന്നില്ലെന്നും അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യാൻ കടന്നു വരണം എന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഈ പോസ്റ്റിനെതിരെയാണ് ജൂനിയർ ഡോക്ടർ രംഗത്തെത്തിയത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കളക്ടർക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചത്.

Read Also : കൊവിഡ്; അതി നിര്‍ണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

തങ്ങൾ ശമ്പളം ചോദിച്ചപ്പോൾ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയെന്ന് അഭിനന്ദ് സൂര്യ പറയുന്നു. പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം എന്ന് ചോദിച്ച് അപഹസിച്ചു. വളർന്നു വരുന്ന യുവഡോക്ടർമാർക്ക് സാമൂഹിക പ്രതിബദ്ധത ഇല്ല എന്ന് പുലമ്പി. 3 മാസമായി, ഒരു കൂലിയും ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ജോലി ചെയ്തതിന്റെ കൂലി ലഭിക്കാൻ ഡിഎംഓ ഓഫീസിലെ ക്ലർക്കുമാരോടും ഡിഎച്ച്എസ് ഓഫീസിലെ പ്യൂണിനോടും വരെ കൈ നീട്ടേണ്ടി വരുന്ന ഈ മനുഷ്യരോട് ഇങ്ങനെ ഒന്നും പറഞ്ഞു വിരട്ടി കളയരുത് എന്നും അദ്ദേഹം കുറിക്കുന്നു.

അഭിനന്ദ് സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ബഹുമാനപ്പെട്ട കളക്ടർ സർ..

2014യിൽ തൃശൂർ മെഡിക്കൽ കോളേജിൽ എംബിബിസ്നു അഡ്മിഷൻ എടുത്ത് 2019 മാർച്ചിൽ ഫൈനൽ ഇയർ പാസ്സ് ആയ വ്യക്തി ആണ് ഞാൻ. അതിനു ശേഷം MCI നിഷ്കർഷിക്കുന്ന 1 വർഷത്തെ ഹൌസ് സർജൻസി അവസാനിക്കുവാൻ ഒരു മാസത്തിൽ കുറവ് ദിവസം ബാക്കി ഉള്ളപ്പോൾ കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും അതിന് ശേഷം കേരളത്തിൽ ഉള്ള ഡോക്ടർമാരുടെ കുറവ് നികത്താൻ ഞങ്ങളുടെ പോസ്റ്റിങ്ങ്‌ 20 ദിവസം കൂടെ നീട്ടുകയും ഉണ്ടായി. ഹൌസ് സർജൻസി ടൈമിൽ കിട്ടുന്ന തുച്ഛമായ സ്റ്റൈപെന്റിൽ നിന്നും കഷ്ടിച്ച് മിച്ചം വച്ച കാശും കൊണ്ട് അപ്പോഴേക്കും മിക്കവരും പിജി കോച്ചിങ്ങിനു ചേർന്നിരുന്നു എങ്കിലും നാട്ടിൽ ഇത്തരം പ്രതിസന്ധി വരുമ്പോൾ മാറി നിൽക്കരുത് എന്ന് ഒറ്റ മനസ്സോടെ തീരുമാനം എടുത്ത ഞങ്ങൾ ഒരേ മനസ്സോടെ ആ 20 ദിവസങ്ങൾ കൃത്യമായി ഡ്യൂട്ടി നിർവഹിച്ചു. ആ 20 ദിവസത്തിന് ശേഷം വീണ്ടും ഞങ്ങളുടെ പോസ്റ്റിങ്ങ്‌ 3 മാസത്തേക്ക് നീട്ടാൻ വീണ്ടും ഉത്തരവ് ആയി. ഞങ്ങളുടെ കൂടെ ഒരേ സമയം പ്രൈവറ്റ് മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന സുഹൃത്തുക്കൾ കോഴ്സും കഴിഞ്ഞ് തങ്ങളുടെ പാടും നോക്കി പോയ സമയമാണ് ഇതെന്ന് ഓർക്കണം. എന്നിട്ടും ഒരു മടിയും കൂടാതെ പിജി കോച്ചിംഗ് എന്നോ നല്ലൊരു ജോലി എന്നോ ഉള്ള സ്വപ്നങ്ങൾ മാറ്റി വെച്ച് ഒരു മടിയും കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് മുന്നണി പോരാളികളായി ഇറങ്ങിയ ഞങ്ങളോട് നിങ്ങൾ അടക്കം ഉള്ള അധികാര വർഗം എന്താണ് ചെയ്തത്?? ന്യായമായ ശമ്പളം ചോദിച്ചപ്പോൾ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യും എന്ന് ഭീഷണി പെടുത്തി, പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം എന്ന് ചോദിച്ചു അപഹസിച്ചു, വളർന്നു വരുന്ന യുവഡോക്ടർമാർക്ക് സാമൂഹിക പ്രതിബദ്ധത ഇല്ല എന്ന് പുലമ്പി

മിസ്റ്റർ കളക്ടർ …3 മാസമായി സർ ഒരു കൂലിയും ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്, ന്യായമായ അവകാശങ്ങൾക് വേണ്ടി ചോദിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കാൻ തുടങ്ങിയിട്ട്.കേവലം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടാൻ ഉള്ള റാങ്ക് നേടി എന്ന ഒറ്റ തെറ്റിനാൽ ഞങ്ങളുടെ കൂടെ ഒരേ സമയം പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്തവർ ഞങ്ങളെക്കാൾ ഉയർന്ന ശമ്പളത്തിൽ ഞങ്ങളെക്കാൾ ഉയർന്ന പരിഗണനയിൽ ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നത് കാണാൻ ഇടവന്നു തുടങ്ങിയിട്ട്

ആ ഞങ്ങളോട് ഈ യുവ ഡോക്ടർമാരോട് ഇപ്പോഴും 3 മാസത്തോളം ജോലി ചെയ്തതിന്റെ കൂലി ലഭിക്കാൻ DMO ഓഫീസിലെ ക്ലർക്മാരോടും DHS ഓഫീസിലെ പ്യൂണിനോടും വരെ കൈ നീട്ടേണ്ടി വരുന്ന ഈ മനുഷ്യരോട് ഇങ്ങനെ ഒന്നും പറഞ്ഞു വിരട്ടി കളയരുത്.

”യുവ ഡോക്ടർമാർ അർപ്പണ മനോഭാവത്തോടെ കോവിഡ് ഡ്യൂട്ടിക്ക് കടന്നു വരണം, അവരുടെ രക്ഷിതാക്കൾ നാടിന്റെ നന്മയ്ക്കായി അവരെ നിരുത്സാഹപെടുത്താതെ സാമൂഹിക പ്രതിബദ്ധതയുള്ള കർത്തവ്യ നിർവഹണത്തിന് അവരെ പ്രേരിപ്പിക്കണം “

ആഹാ… എത്ര കുലീനമായാ വാക്കുകൾ.

‘ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നാ’ ഇത്രയും മോശം അനുഭവങ്ങൾ അധികാരികളിൽ നിന്ന് നേരിട്ട ഞങ്ങൾ എന്ത് സാമൂഹിക പ്രതിബദ്ധത കാണിക്കാനാണ്. നല്ല മനസ്സോടെ സ്വന്തം ഭാവി തുലാസിലാക്കി നാടിന് വേണ്ടി ഇറങ്ങി തിരിച്ച ഞങ്ങൾക്ക് തിരിച്ചു ലഭിച്ച കൂലി അപമാനവും അരക്ഷിതാവസ്‌ഥയും മാത്രം അല്ലേ ….
.സംഘികൾക്ക് വോട്ട് നൽകി ജയിപ്പിക്കുന്നു എന്ന് പറഞ്ഞ് മലയാളികൾ രായ്ക് രാമാനം കളിയാക്കുന്ന മഹാരാഷ്ട്രയിൽ വരെ 80000ത്തോളം രൂപയ്ക്ക് ഡോക്ടർമാരെ മാടി വിളിക്കുന്ന സമയത്ത് ആണ് ‘നന്മയുള്ള കേരളത്തിലെ’ ആരോഗ്യ പ്രവർത്തകരോട് ഈ അനീതി.ഈ ആരോഗ്യഅടിയന്തരാവസ്ഥ കാലത്തു പോലും ഇതേ നിലയിൽ ആണെങ്കിൽ മറ്റ് കാലഘട്ടങ്ങളിൽ എങ്ങിനെ ഒരു ആരോഗ്യപ്രവർത്തകൻ ധൈര്യത്തോടെ സർക്കാർ സർവീസുകൾ തിരഞ്ഞെടുക്കും

പിന്നെ രക്ഷിതാക്കളെ കുറി ച്ചു രണ്ട് വാക്ക്… 26ഉം 27ഉം വയസ്സിൽ സ്വന്തം കുടുംബം നോക്കി നടത്തേണ്ട പ്രായത്തിൽ അറുപതും എഴുപതും കിലോമീറ്റർ അകലെ ഉള്ള ഡ്യൂട്ടി സ്ഥലത്തേക്ക് വണ്ടി കാശിനു കൈ നീട്ടേണ്ടി വരുന്നത് പെൻഷൻ പ്രായം കഴിഞ്ഞ് വാര്ധക്യത്തിലേക്ക് അടുക്കുന്ന രക്ഷിതാക്കളോട് തന്നെ ആണ്. അതിന് അവർ ഇതുവരെയും ഒരു മുഷിപ്പും പറഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ അവരെ കർത്തവ്യം ബോധം ആരും പഠിപ്പിക്കേണ്ട .

എന്ന്
സാമൂഹിക പ്രതിബദ്ധതകാരണം ഭാവി തുലാസിലായി നിൽക്കുന്ന ഒരു യുവഡോക്ടർ

(ഒപ്പ് )

ബഹുമാനപ്പെട്ട കളക്ടർ സർ.. 2014യിൽ തൃശൂർ മെഡിക്കൽ കോളേജിൽ എംബിബിസ്നു അഡ്മിഷൻ എടുത്ത് 2019 മാർച്ചിൽ ഫൈനൽ ഇയർ പാസ്സ് ആയ…

Posted by Abhinand Surya on Wednesday, August 26, 2020

Story Highlights junior doctor facebook post against kannur collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top