കൊവിഡ്; അതി നിര്‍ണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി

PINARAYI VIJAYAN

കൊവിഡ് മഹാമാരിയുടെ അതി നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗത്തിന്റെ നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. ലോകത്ത് തന്നെ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. ആ പ്രത്യേകത കൂടി കണക്കിലെടുത്താല്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് രോഗത്തെ അതിന്റെ ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം പിടിച്ചുനിര്‍ത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി മാറി നമ്മുടേത്. 75,995 കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസിലാവുക. മരണം ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1017 മരണമാണ്.

Read Also : സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാവുകയാണ്. കര്‍ണാടകയില്‍ കേസുകള്‍ മൂന്ന് ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ കേസുകള്‍ ഏകദേശം നാലുലക്ഷമായി. ഏകദേശം 7000 പേര്‍ മരണപ്പെടുകയും ചെയ്തു.

കര്‍ണാടകത്തില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 10 ലക്ഷത്തില്‍ 93 പേരുമാണ് കൊവിഡ് മൂലം മരിച്ചത്. കേരളത്തില്‍ 10 ലക്ഷത്തില്‍ എട്ടുപേര്‍ എന്ന നിലയില്‍ മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലെയോ അതേ രീതിയിലായിരുന്നു ഇവിടെയും കാര്യങ്ങളെങ്കില്‍ ആയിരക്കണക്കിന് മരണങ്ങള്‍ ഇവിടെയും സംഭവിച്ചേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights COVID We are going through a crucial phase

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top