കൈ പിടിച്ചുയര്‍ത്തിയവരെ മറന്നവര്‍

..
അസ്ലം മൂക്കുതല/ അനുഭവക്കുറിപ്പ്
പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പിജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
മനോഹരമായ ബാല്യകാലത്തിന്റെ തുടക്കം. കേള്‍വിക്കുറവും സംസാര ബുദ്ധിമുട്ടും എന്റെ കൂടെ കൂടാന്‍ തുടങ്ങിയ കാലം. ഞാന്‍ ചെറിയ ക്ലാസില്‍ പഠനം ആരംഭിച്ചത് ഒരു ക്രിസ്ത്യന്‍ സ്‌കൂളിലായിരുന്നു. അവിടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ടീച്ചറുണ്ടായിരുന്നു. എനിക്ക് സംസാരിക്കാനും കേള്‍ക്കാനും ബുദ്ധിമുട്ടുണ്ടായപ്പോള്‍ എന്നെ കൂടുതല്‍ ശ്രദ്ധിച്ചത് ആ ടീച്ചറായിരുന്നു. പാട്ട് പാടി കുട്ടികളെ താലോലിക്കുകയായിരുന്നു ടീച്ചറുടെ ജോലി. പഠിപ്പിക്കുന്ന കാലത്ത് ടീച്ചര്‍ കുറച്ച് പ്രായമായിരുന്നു. വിവാഹം കഴിക്കാത്തത് കൊണ്ട് സ്വന്തമെന്ന് പറയാന്‍ സ്‌കുളിലെ കുട്ടികള്‍ മാത്രമായിരുന്നു.
പെണ്‍ ജയിലിലും ആണ്‍ജയിലിലും പാട്ടുപാടുക എന്നതായിരുന്നു ടീച്ചറുടെ ആദ്യ തൊഴില്‍. പിന്നീട് പള്ളിയിലെ വികാരിയച്ചന്‍ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിന് വേണ്ടി ടീച്ചറെ അനാഥാലയത്തിലേയ്ക്ക് കൊണ്ടുപോയി. അനാഥാലയത്തിലെ കുട്ടികളെ കണ്ട് ടീച്ചര്‍ വിഷമത്തോടെ വികാരിയച്ഛനോട് പറഞ്ഞു
‘അച്ഛോ താലോലം കിട്ടാതെ വളര്‍ന്ന ഈ കുട്ടികളെ എങ്ങനെ താലോലിച്ച് പാട്ടു പഠിപ്പിക്കുക’
വിഷമത്തോടെ ടീച്ചര്‍ കുട്ടികള്‍ക്ക് പാട്ടു പഠിപ്പിക്കാന്‍ തുടങ്ങി. കുട്ടികള്‍ പാട്ട് കേട്ട് സന്തോഷത്തോടെ തുള്ളിച്ചാടി. ആദ്യ പാട്ട് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വീണ്ടും പാടി തരാന്‍ ടീച്ചറോട് പറഞ്ഞു. വീണ്ടും പാടി കൊടുത്തു. കുട്ടികള്‍ സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ത്തി. അനാഥാലയം സന്തോഷം കൊണ്ട് നിറഞ്ഞു. ഇളം കാറ്റുകള്‍ പാട്ടുകള്‍ കേട്ട് കൈയ്യടിച്ചു. പാട്ടുകള്‍ ഇഷ്ടപ്പെട്ട വികാരിയച്ഛന്‍ ടീച്ചറോട് പറഞ്ഞു
‘ടീച്ചറെ നാളെ മുതല്‍ എന്റെ സ്‌കൂളിലെ കുട്ടികള്‍ക്കും പാട്ടു പഠിപ്പിക്കണം’
അങ്ങനെയാണ് ടീച്ചര്‍ എന്റെ സ്‌കൂളിലെത്തുന്നത്. ശ്രവണ സഹായി വെച്ച് സ്‌കൂളിലെത്തിയ അന്നായിരുന്നു ടീച്ചറുടെ പാട്ടിന്റെ മാധുര്യം കേട്ടാസ്വാദിച്ചത്. ശ്രവണ സഹായി വെച്ച് ഞാന്‍ സന്തോഷിച്ചതിനേക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് ടീച്ചറായിരുന്നു. ഉച്ചക്കുള്ള ഊണിന്റെ സമയമായാല്‍ ടീച്ചര്‍ എന്നെ പൊക്കിയെടുത്തു സ്‌കൂളിന്റെ വരാന്തയിലിരുത്തും. വരാന്തയിലിരുന്നാണ് എല്ലാവരും ഊണ് കഴിക്കാറ്. എന്റെ ഊണിന്റെ പാത്രം തുറന്ന് ചോറും കറിയും കൂട്ടികുഴച്ച് നീളത്തിലുള്ള വലിയ ഉരുളയാക്കി ടീച്ചര്‍ വാരി തരുമായിരുന്നു. കൂട്ടത്തില്‍ അടുത്തിരിക്കുന്നവര്‍ക്കും. ഭക്ഷണത്തിനു ശേഷം വായ കഴുകി വൃത്തിയാക്കി എന്നെ ക്ലാസില്‍ പോയിരുത്തും എന്നിട്ട് പാത്രം കഴുകി എന്റെ ബാഗിലാക്കിയ ശേഷം തലയില്‍ താലോടികൊണ്ട് പറയും ‘ഇനി ഉറങ്ങിക്കോട്ടാ’.
എനിക്ക് ടീച്ചറോടൊപ്പം ആ സ്‌കൂളില്‍ രണ്ട് കൊല്ലം നില്‍ക്കാന്‍ കഴിഞ്ഞുള്ളു. പിന്നീട് എന്നെ വേറെ സ്‌കൂളിലേയ്ക്ക് മാറ്റി ചേര്‍ത്തു. ഒന്നാം ക്ലാസ് മുതല്‍ എനിക്ക് ടീച്ചറുടെ താലോലം കിട്ടിയില്ല. കാലചക്രം കറങ്ങുന്നതിനനുസരിച്ച് മനസില്‍ നിന്ന് ടീച്ചറുടെ ഓര്‍മകള്‍ അകലാന്‍ തുടങ്ങി. പിന്നീട് പൂര്‍ണമായും ഓര്‍മകള്‍ അറ്റുപോയി. സ്‌കൂള്‍ പഠനത്തിനു ശേഷം പഴയ സ്‌കൂള്‍ ഫോട്ടോ കാണാന്‍ ആഗ്രഹം തോന്നി. ഒറ്റപ്പെട്ട ജീവിതത്തില്‍ ഒറ്റപ്പെടാന്‍ അനുവദിക്കാത്ത ചിലരുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. കൂടെ പഠിച്ചിരുന്ന കൂട്ടുകാരനോട് ഫോട്ടോ അയക്കാന്‍ പറഞ്ഞു. അവന്‍ ഫോട്ടോ അയച്ച് തന്നു. ഫോട്ടോയിലെ ഓരോ മുഖങ്ങളും ആകാംക്ഷയോടെ സൂക്ഷിച്ച് നോക്കി. കടല്‍ തിരമാലകള്‍ പോലെ ഓര്‍മകള്‍ അലയടിക്കാന്‍ തുടങ്ങി. മൂന്നാളുകളുടെ മുഖം മാത്രം ഫോട്ടോയില്‍ നിന്ന് ഓര്‍മയിലേയ്ക്ക് ഇടിച്ച് കയറി. കൂട്ടുകാരനും, പ്രിയപ്പെട്ട ടീച്ചറും, വികാരിയച്ഛനും ഒരു നിഴല്‍ പോലെ ഓര്‍മയില്‍ തെളിഞ്ഞു. പ്രായം കാരണം വികാരിയച്ഛന്‍ മരണപ്പെട്ടത് ഇടയ്ക്ക് ആരോ പറഞ്ഞ് ഞാന്‍ അറിഞ്ഞിരുന്നു. ടീച്ചര്‍ എവിടെയാണെന്നറിയില്ലായിരുന്നു. ഫോട്ടോയില്‍ കൂടെ പഠിച്ചവരെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സഹായാഭ്യര്‍ത്ഥനവുമായി ഒരു പോസ്റ്റ് എന്റെ കണ്ണിലൂടെ കടന്നു പോയി. പോസ്റ്റ് കണ്ടപ്പോള്‍ മനസ് പിടച്ചു. പോസ്റ്റിലുള്ളത് ഞാനറിയുന്ന ആളാണോ എന്ന സംശയങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ പലരോടും അന്വേഷിച്ചു. ‘അതേ ഈ പോസ്റ്റിലുള്ളത് എന്റെ പ്രിയപ്പെട്ട ടീച്ചറാണ് ‘ എന്നു മനസ് അന്വേഷിച്ചതിന് ശേഷം ഉറപ്പിച്ച് പറഞ്ഞു. വിശ്വാസിക്കാന്‍ കഴിഞ്ഞില്ല. മനസ് വല്ലാതെ പിടച്ചു. കുട്ടികളെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് താലോലിച്ച് പാട്ട് പാടി വളര്‍ത്തിയപ്പോള്‍ ടീച്ചറെ തിരിഞ്ഞ് നോക്കാനാരുമുണ്ടായില്ല.
എനിക്ക് ടീച്ചറെ കാണണമെന്ന് തോന്നി. അഭിമാനത്തോടെ ടീച്ചറെന്ന് പറയുമ്പോള്‍ അവരുടെ ജീവിതം എങ്ങനെയെന്ന് ആരും ചിന്തിക്കാറില്ലല്ലൊ. ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങി. എന്റെ സീനിയരായ സുഹൃത്തിനോട് ടീച്ചറുടെ വീട്ടിലേയ്ക്കുള്ള വഴി അന്വേഷിച്ചു. ഞാനും നാട്ടിലെ കൂട്ടുകാരനും കൂടി ടീച്ചറെ തേടി യാത്ര തുടര്‍ന്നു. യാത്രക്കിടയില്‍ പല വഴികളും തെറ്റി. അവസാനം റോഡിലൂടെ നടന്നുപോകുന്ന ആളോട് വഴി അന്വേഷിച്ചു. അയാള്‍ പറഞ്ഞ് തന്ന വഴിയിലൂടെ ഞങ്ങള്‍ പോയി. പക്ഷെ വീട് കണ്ടെത്താനായില്ല. കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ ഒരു വൃദ്ധ വീടിനുള്ളിലേയ്ക്ക് കയറി പോകുന്നത് കണ്ടു. അതിനടുത്തുള്ള വീടുകളില്‍ ഉമ്മറത്ത് പലരും ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ കൂട്ടുകാരനോട് പറഞ്ഞു
‘വീടിനുള്ളിലേയ്ക്ക് കയറി പോകുന്ന വൃദ്ധയോട് വീട് ചോദിക്കാം
ഞങ്ങള്‍ ആ വൃദ്ധയുടെ അടുത്തായി വണ്ടി നിറുത്തി. ബുദ്ധിമുട്ടോടെ തിരിഞ്ഞ് നിന്ന് ഞങ്ങളെ നോക്കി. വൃദ്ധയെ കണ്ട് എന്റെ മനസ് വിങ്ങി പോയി. വെട്ടി ചെറുതാക്കിയ മുടിയും മെലിഞ്ഞുണങ്ങിയ ശരീരവുമൊത്ത വൃദ്ധയോട് അറിയാതെ നാവില്‍ നിന്ന്
‘ടീച്ചറാണോ’
എന്ന് ലോകത്തെ സാക്ഷ്യം നിറുത്തി കൊണ്ട് ചോദിച്ച് പോയി….
ആ വൃദ്ധ പുഞ്ചിരി വിടര്‍ത്തി കൊണ്ട് ‘അതെ ‘ എന്നു മറുപടി പറഞ്ഞു. അതായിരുന്നു എന്നെ പാട്ടു പാടി താലോലിച്ച് വളര്‍ത്തിയ എന്റെ പ്രിയപ്പെട്ട ടീച്ചര്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍. ടീച്ചര്‍ താടിക്ക് കൈ വെച്ച് കൊണ്ട് എന്നോട് ചോദിച്ചു
‘ആരാ മോനെ മനസിലായില്ലല്ലോ…. ‘
ഞാന്‍ പറഞ്ഞു
‘അസ്ലമാണ് ടീച്ചറുടെ വിദ്യാര്‍ത്ഥി ‘
‘എന്റെ ഇശ്ശോയെ ഇതാര് അസ്ലമൊ, കൊച്ചങ്ങു വലുതായി പോയല്ലൊ അതു കൊണ്ട് മനസിലായിലാട്ടോ. വന്നു കയറിയിരിക്ക് ‘
ഞങ്ങളേയും കാത്ത് മൂന്ന് കസേരകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആരാരുമില്ലാത്ത ഈ വീട്ടില്‍ എന്തിനാണ് കസേര എന്നറിയാതെ ചിന്തിച്ചു. ഒരുപാട് കുട്ടികളെ പാട്ട് പഠിപ്പിച്ച ടീച്ചറെ കാണാന്‍ കുട്ടികള്‍ വരുമെന്ന പ്രതീക്ഷയിലാവും ആ കസേരകള്‍. ഇരിക്കാന്‍ നേരത്ത് കസേര എന്നോടായി പറഞ്ഞു
‘സൂക്ഷിച്ച് ഇരിക്കണേ, ഒരുപാടാളുകളെ കാത്തിരുന്ന് മുരടിച്ചതാണ്. നീ സൂക്ഷിച്ചില്ലെങ്കില്‍ ഞാന്‍ ഒടിഞ്ഞ് പോകും’
ടീച്ചര്‍ എന്നോട് വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു
‘എത്ര വര്‍ഷമായി സ്‌കൂളില്‍ നിന്ന് പോന്നിട്ട് ‘
ടീച്ചര്‍ പറഞ്ഞ് തുടങ്ങി
‘നാല് വര്‍ഷമായി. സ്‌കൂളിലൊന്ന് വീണു. നട്ടെല്ലിനു ചെറിയ പൊട്ടലുണ്ടായിരുന്നു. ബെല്‍റ്റ് ഇട്ട ശേഷം സ്‌കൂളിലേയ്ക്ക് പോകാമെന്ന് ഡോക്ടര്‍ പറഞ്ഞു. ആകെയുള്ള ജീവിത മാര്‍ഗമാണ് സ്‌കൂളില്‍ നിന്ന് കിട്ടുന്ന ശമ്പളം. ചികിത്സക്കായി സ്‌കൂളില്‍ നിന്ന് 20,000 രൂപ തന്നിരുന്നു. എല്ലാം മാറി തിരിച്ച് സ്‌കൂളില്‍ പോകാന്‍ തയാറായി നില്‍ക്കുമ്പോള്‍ സ്‌കൂള്‍ അധികൃതര്‍ അപ്രതീക്ഷിതമായി വീട്ടില്‍ വന്നു. വീടിനുള്ളിലേയ്ക്ക് കയറാതെ ആ കാണുന്ന വരാന്തയില്‍ നിന്ന് എന്നോട് ഇനി സ്‌കൂളില്‍ വരണ്ട, വേക്കന്‍സിയില്ല എന്നു പറഞ്ഞ് അവര്‍ തിരിച്ച് പോയി.
ഇതെല്ലാം പറഞ്ഞ് കഴിയുമ്പോഴേക്കും ടീച്ചറുടെ കണ്ണില്‍ നിന്ന് കണ്ണുനീരുകള്‍ ഒഴുകി തുടങ്ങി. എന്നിട്ട് ടീച്ചര്‍ പറയാന്‍ തുടങ്ങി
‘മുപ്പത്തിയൊന്ന് വര്‍ഷം ഞാന്‍ സ്‌കൂളില്‍ ഇഷ്ടത്തോടെ ജോലി ചെയ്തു, പക്ഷെ എനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കൈയൊഴിഞ്ഞു. എനിക്ക് ജീവിക്കാന്‍ പ്രയാസമില്ല പക്ഷെ ഇഷ്ടപ്പെട്ട സ്‌കൂളിലെ ആരും എന്നെ തിരിഞ്ഞ് നോക്കാത്തതില്‍ മാത്രം വിഷമമുള്ളൂ. എന്റെ നാട്ടുകാര്‍ക്ക് എന്നെ അറിയില്ല കാരണം മുപ്പത്തിയൊന്ന് വര്‍ഷം ജോലി ചെയ്തതും ജീവിച്ചതും സ്‌കൂളിനടുത്താണ്. എന്നെ ഏറ്റവും കൂടുതലറിയുന്നത് അവിടുത്തെ നാട്ടുകാര്‍ക്കാണ്. ഈയിടെ എന്നെ തളര്‍ത്തിയ ഏറ്റവും വലിയ ഓപ്പറേഷന്‍ കഴിഞ്ഞു. ഓപ്പറേഷനുള്ള സഹായം അടുത്തുള്ള ഡോക്ടറും നാട്ടുകാരും കൂടി ചെയ്ത് തന്നു. ഇപ്പോള്‍ ഭക്ഷണവും സഹായവും ഇവിടുത്തെ നാട്ടുകാരാണ് ചെയ്ത് തരുന്നത്. ഇപ്പോള്‍ പുറത്തേയ്ക്കിറങ്ങാന്‍ വയ്യാ. അന്നു സ്‌കൂള്‍ അധികൃതര്‍ എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞ് വികാരിയച്ഛന് എന്നെ റോഡില്‍ നിന്ന് കിട്ടിയതല്ല. നല്ല മാന്യതയോട് കൂടിയാണ് ഞാന്‍ ആ സ്‌കൂളില്‍ ജോലിക്ക് വന്നത്. വികാരിയച്ഛന്‍ ഇന്നുണ്ടാകുമായിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.’
എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. സ്വന്തമായി ബന്ധുക്കളും വീട്ടുകാരുമില്ലാത്ത ടീച്ചറെ എന്തുവാക്കുകള്‍ കൊണ്ടാണ് ഞാന്‍ സമാധാനിപ്പിക്കുക. സ്വന്തം വീടുള്ളതുകൊണ്ടായിരിക്കാം ടീച്ചര്‍ വൃദ്ധസദനത്തിലോട്ട് മാറാത്തത്. സ്വന്തമായി വരുമാനം കിട്ടി തുടങ്ങാത്ത ഞാനെങ്ങനെ ടീച്ചറെ നോക്കുമെന്നറിയാതെ ചിന്തിച്ച് പോയി. ടീച്ചര്‍ മെല്ലെ വിരലുകള്‍ കൊണ്ട് കണ്ണുനീര്‍ തുടച്ചു. എന്നിട്ട് ഞങ്ങളോട് പറഞ്ഞു
‘നാളെ പെരുന്നാളല്ലെ? പഴയ സ്‌കൂള്‍ ഫോട്ടോ കൈയ്യിലുണ്ടോ?’
ഞാന്‍ ഫോട്ടോ കാണിച്ച് കൊടുത്തു. പലരേയും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ടീച്ചര്‍ പറഞ്ഞു ‘ഇതെല്ലാം ഓര്‍മയായി ‘
ചെറിയ നാണത്തോടെ ടീച്ചറെ ഫോട്ടോയില്‍ കാണിച്ച് തന്നു.
എല്ലാവരേയും ഉയരങ്ങളിലെത്തിക്കുമ്പോള്‍ സ്വന്തം ജീവിതം നോക്കാന്‍ മറന്നു പോയ എന്റെ പ്രിയപ്പെട്ട ടീച്ചര്‍. പക്ഷെ ഉയരങ്ങളില്ലെത്തിയ പലരും കൈ പിടിച്ച് ഉയരങ്ങളില്‍ എത്താന്‍ സഹായിച്ചവരെ തിരിഞ്ഞ് നോക്കാന്‍ സമയം കണ്ടെത്താറില്ല.
ഇങ്ങനെ ഒരുപാട് അധ്യാപകര്‍ ഈ ലോകത്ത് നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. അധ്യാപകരെന്ന് പറഞ്ഞാല്‍ സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യരാണ് എന്ന് പലരും മനസില്‍ കരുതുന്നവരാണ്. പക്ഷെ അവരുടെ ജീവിതത്തിലോട്ട് എത്തി നോക്കിയാലറിയാം ആരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ചില അധ്യാപകര്‍. നമ്മുടെ ജീവിത തിരക്കിനിടയില്‍ അവര്‍ക്ക് വേണ്ടി സമയം കണ്ടെത്തണം
Story Highlights – kai pidichuyarthiyavare marannavar
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here