ഓണം; കൊവിഡ് പ്രതിരോധം ഉറപ്പാക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി. തിലോത്തമന്‍. കോട്ടയം ജില്ലയിലെ കൊവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ഓണത്തിനു മുന്നോടിയായുള്ള ഷോപ്പിംഗില്‍ തിക്കും തിരക്കും ഉണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ ഉറപ്പാക്കണം. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രോഗവ്യാപനത്തിലേക്ക് നയിക്കുന്ന ഇത്തരം വീഴ്ച്ചകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രൂപീകരിച്ച വില്ലേജ് തല ക്വിക് റെസ്പോണ്‍സ് ടീമുകളുടെ നിരീക്ഷണം എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകും. മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍, ഓണച്ചന്തകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം നടത്തുന്ന പരിശോധനയില്‍ പ്രതിരോധ നിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
Story Highlights – onam celebration, covid protocol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here