നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; രമേശ് ചെന്നിത്തലയുടെ മറുപടി

വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുവരാന്‍ പോകുന്നത് താങ്കളായിരിക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യം.
പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെ.
” അത് കേരളത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ വിട്ടുകൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ” എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സ്വര്‍ണക്കടത്തും സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമുണ്ട്. പക്ഷേ ഈ അന്വേഷണത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും ഭാഗത്തുനിന്നുണ്ട്. അത്, വളരെ രസകരമായ ഒരു രാഷ്ട്രീയ രീതിയായി കാണാന്‍ കഴിയും. പരസ്പരം പോരാടുന്നുവെന്ന് പറയുകയും യോജിച്ചുനില്‍ക്കുകയും ചെയ്യുകയാണ് ഇവര്‍.
കേന്ദ്രവും കേരളവും ഭരിക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാരയെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണവുമായി മുന്നോട്ടുപോകണം. എന്തുകൊണ്ട് സെക്രട്ടേറിയറ്റില്‍ യലുകള്‍ നശിപ്പിക്കപ്പെട്ടു. ഒരു പ്രത്യേക സെക്ഷനിലുള്ള ഫയലുകളാണ് നഷ്ടപ്പെട്ടത്. എന്തുകൊണ്ട് ഈ സെക്ഷനില്‍ മാത്രം തീ കത്തി. എംബസികളുമായി ബന്ധമുള്ള ഫയലുകള്‍, റൂം ബുക്ക് ചെയ്യുന്നതുമായി ബന്ധമുള്ള ഫയലുകള്‍ എന്നിവയാണ് കത്തിയത്.
ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത് മറ്റ് ഫയലുകളും കാണാതായെന്നാണ്. സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ചിട്ട് ഇതുവരെ നല്‍കിയിട്ടില്ല. ഇടിവെട്ടിയതിനാല്‍ നഷ്ടപ്പെട്ടെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലായെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അട്ടിമറിയെന്ന് പ്രതിപക്ഷം വെറുതെ പറയുന്നതല്ല. തീപിടുത്തമുണ്ടായപ്പോള്‍ എംഎല്‍എമാരെപോലും സെക്രട്ടേറിയറ്റിലേക്ക് കയറ്റിവിടുന്നില്ലെന്ന് പറഞ്ഞതിനാലാണ് അവിടെ എത്തിയത്. സെക്രട്ടേറിയറ്റിനുള്ളില്‍ എത്തി ഹോം സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ പറഞ്ഞത് കുറെ ഫയലുകള്‍ കത്തിയെന്നാണ്. കത്തിയവയ്ക്ക് ബായ്ക്ക്അപ്പ് ഫയലുകള്‍ ഉണ്ടോയെന്ന് ചോദിച്ചു. അപ്പോള്‍ കുറച്ച് ഫയലുകള്‍ക്ക് ബായ്ക്ക് അപ്പ് ഉണ്ടെന്നും ബാക്കി ഇ ഫയലുകള്‍ അല്ലെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ വിശ്വസിക്കുന്നത്. ഉത്തരവാദിത്വ ബോധത്തോടെയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Chief Minister Candidate, Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here