24 വർഷത്തിനു ശേഷം മാതാപിതാക്കളുടെ വിവാഹ വീഡിയോ റീക്രിയേറ്റ് ചെയ്ത് മക്കൾ

24 വർഷത്തിനു ശേഷം മാതാപിതാക്കളുടെ വിവാഹ വീഡിയോ റീക്രിയേറ്റ് ചെയ്ത് മക്കൾ. മുംബൈ മലയാളികളായ ചാർട്ടേർഡ് അക്കൗണ്ടൻ്റ് വിദ്യാർത്ഥിനികളാണ് മാതാപിതാക്കൾക്ക് വളരെ സ്പെഷ്യലായ വിവാഹ വാർഷിക സമ്മാനം നൽകിയത്. മക്കളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
മുംബൈയിൽ സ്ഥിരതാമസമാക്കിയ ഗോപാലകൃഷ്ണൻ നായർ-രാധിക നായർ ദമ്പതികളുടെ മക്കളായ ദേവിക നായർ, ഗോപിക നായർ എന്നിവരാണ് ഈ വീഡിയോക്ക് പിന്നിൽ. മാതാപിതാക്കൾക്ക് എല്ലാ വർഷവും ഇവർ വിവാഹവാർഷിക സമ്മാനം നൽകാറുണ്ടായിരുന്നു. അതും സർപ്രൈസ് സമ്മാനങ്ങൾ. പക്ഷേ, ഇക്കൊല്ലം കൊറോണ ചതിച്ചു. പുറത്ത് പോയി പർച്ചേസ് ചെയ്യാൻ പറ്റാത്തതു കൊണ്ട് തന്നെ വീട്ടിനുള്ളിൽ ലഭ്യമായ എന്തെങ്കിലുമൊക്കെ വെച്ച് സമ്മാനം നൽകാമെന്ന് തീരുമാനിച്ചു. അങ്ങനെയുള്ള ആലോചനക്കിടെയാണ് ദേവിക ഇങ്ങനെ ഒരു ആശയം മുന്നോട്ടുവെക്കുന്നത്.
“വിവാഹ വിഡിയോ അച്ഛന് വളരെ സ്പെഷ്യലാണ്. അച്ഛൻ ജീവനെ പോലെ കൊണ്ടുനടക്കുന്നതാണ് ഇത്. അത് റീക്രിയേറ്റ് ചെയ്യാം എന്നുള്ള അനിയത്തിയുടെ ഐഡിയ എനിക്കും ഇഷ്ടമായി. അങ്ങനെ അച്ഛൻ്റെയും അമ്മയുടെയും വിവാഹ വസ്ത്രങ്ങളൊക്കെ എടുത്ത് ഒരു മുറിക്കുള്ളിൽ കയറി. ആ വസ്ത്രങ്ങളൊക്കെ അണിഞ്ഞു. മുല്ലപ്പൂ കിട്ടിയില്ല. ടിഷ്യൂ പേപ്പർ ഉപയോഗിച്ച് താത്കാലികമായി മുല്ലപ്പൂ ഉണ്ടാക്കി. ടിഷ്യൂ പേപ്പർ വെച്ച് തന്നെ മാലയും ഉണ്ടാക്കി. ഒരു മണിക്കൂർ കൊണ്ടാണ് വീഡിയോ റെക്കോർഡ് ചെയ്തത്.”- ഗോപിക ട്വൻ്റിഫോറിനോട് പറഞ്ഞു.
ഇരുവരും വരുന്ന സീനുകൾ ട്രൈപോഡ് വെച്ചും സിംഗിൾ സീനുകൾ പരസ്പരം ഷൂട്ട് ചെയ്തും വിഡിയോ ചിത്രീകരിച്ചു. 28നായിരുന്നു വിവാഹ വാർഷികം. അതുവരെ വിഡിയോയെപ്പറ്റി അവർ അറിയരുതെന്ന് മക്കൾ തീരുമാനിച്ചു. 28ന് ടെലിവിഷനു മുന്നിൽ അവരെ ഇരുത്തി വിഡിയോ കാണിച്ചു കൊടുത്തു. കുടുംബ സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
അച്ഛനായി അഭിനയിച്ചത് ദേവികയും അമ്മയായി അഭിനയിച്ചത് ഗോപികയുമായിരുന്നു. ഇലക്ട്രിക്കൽ സബ് കോൺട്രാക്ടറായ ഗോപാലകൃഷ്ണൻ നായർ ആണ് അച്ഛൻ. അമ്മ രാധിക നായർ. അച്ഛൻ്റെ 18ആം വയസ്സു മുതൽ അദേഹം മുംബൈയിലായിരുന്നു എന്ന് ഗോപിക പറയുന്നു. ഗോപിക സിഎ അവസാന വർഷ വിദ്യാർത്ഥിനിയും ദേവിക സിഎ ആദ്യ വർഷ വിദ്യാർത്ഥിനിയുമാണ്. നാട്ടിൽ തൃശൂരാണ് സ്ഥലം.
Story Highlights – daughters recreated parents’ marriage video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here