നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു; മഞ്ചേശ്വരം എംഎൽഎക്ക് എതിരെ കേസ്

മഞ്ചേശ്വരം എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ജ്വല്ലറിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ചന്തേര പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

എം സി കമറുദ്ദീൻ ചെയർമാനായുള്ള ജ്വല്ലറിക്ക് വേണ്ടി നിരവധി പേരിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ നിക്ഷേപമായി പിരിച്ചെടുത്തിരുന്നു. വലിയപറമ്പ്, തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിലെ പത്തിലേറെ മഹല്ല് കമ്മിറ്റികൾക്ക് കീഴിലുള്ളവരിൽ നിന്നാണ് പണം സ്വരൂപിച്ചത്. കമറുദ്ദീന്റെ ഉറപ്പിൽ കരാർ തയാറാക്കിയും ചെക്ക് നൽകിയുമാണ് പലരും പണം നിക്ഷേപിച്ചത്.

Read Also : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധം

136 കോടി രൂപയുടെ ബാധ്യതയിലായ ജ്വല്ലറിയുടെ കാസർഗോഡ്, ചെറുവത്തൂർ, പയ്യന്നൂർ ശാഖകൾ പിന്നീട് പൂട്ടിപോയി. ഈ മൂന്ന് ശാഖകളിൽ മാത്രമായി 700ഓളം നിക്ഷേപകരുണ്ടെന്നാണ് വിവരം. താത്കാലികമായി അടക്കുന്നുവെന്ന വ്യാജേന മൂന്ന് കടകളും പ്രവർത്തനം നിർത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

തുടർന്ന് പലരും നിക്ഷേപം തിരിച്ചു ചോദിച്ചെങ്കിലും തുക തിരിച്ചു നൽകാത്ത സാഹചര്യത്തിലാണ് ചന്തേര പൊലീസിൽ മൂന്ന് പേർ പരാതി നൽകിയത്. 36 ലക്ഷം രൂപ ഇവരിൽ നിന്ന് മാത്രം തട്ടിയെടുത്തതായാണ് ആക്ഷേപം. ഒരാളിൽ നിന്ന് 30 ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപ വീതം മറ്റ് രണ്ട് പേരിൽ നിന്നുമാണ് കൈപ്പറ്റിയിട്ടുള്ളത്.

പരാതിയെ തുടർന്ന് ഐപിസി 420,34 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ചെയർമാൻ എന്ന നിലയിൽ എംഎൽഎ വൻതുക ശമ്പളം കൈപ്പറ്റിയിരുന്നതായും പരാതി ഉണ്ട്. ജാമി:സഅദിയ്യ ഇസ്ലാമിയ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറായിരിക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

Story Highlights mc kamaruddhin, kasargod mla, money fraud

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top