ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പ്; എൻഎസ്‌യുഐ പ്രവർത്തകരുടെ പ്രതിഷേധം

ജെഇഇ, നീറ്റ് പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. എൻഎസ്‌യുഐയുടെ ആഭിമുഖ്യത്തിൽ നിരാഹാര സമരം തുടരുകയാണ്. ഇതിനിടെ പരീക്ഷകൾക്ക് അനുമതി നൽകിയ വിധിക്കെതിരെ പുതുച്ചേരി സർക്കാർ സുപ്രിംകോടതിയിൽ പുനഃപരിശോധനാഹർജി സമർപ്പിച്ചു. പരീക്ഷകൾ പ്രമാണിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ഒഡിഷ സർക്കാർ തീരുമാനിച്ചു.
Read Also : ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെ ആറ് സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ
സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ ജെഇഇ പരീക്ഷയും സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷയും നടത്തുമെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവസാനവട്ട ഒരുക്കങ്ങളിലുമാണ്. ജെഇഇ പരീക്ഷ കേന്ദ്രങ്ങളിൽ പത്ത് ലക്ഷം വീതം മാസ്‌കുകളും കയ്യുറകളും എത്തിക്കും. 3300 ശുചീകരണ തൊഴിലാളികളെ നിയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ഡൽഹിയിൽ എൻഎസ്‌യുഐ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.
ഇതിനിടെ പരീക്ഷകൾക്ക് അനുമതി നൽകിയതിനെതിരെ പുതുച്ചേരി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഇന്നലെ മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങൾ പുനഃപരിശോധനാ ഹർജിയും സമർപ്പിച്ചിരുന്നു.
Story Highlights – jee-neet exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here