ഓണാഘോഷം: കൊവിഡ് വ്യാപനമുണ്ടാകാന്‍ ഇടനല്‍കുന്ന യാതൊന്നും സംഭവിക്കാതെ നോക്കണം: മുഖ്യമന്ത്രി

cm asks to prepare emergency kit

കൃത്യമായ കരുതലോടെ വേണം ഓണത്തെ വരവേല്‍ക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനമുണ്ടാകാന്‍ ഇടനല്‍കുന്ന യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം. പൊതു സദ്യകളും ആളുകള്‍ കൂട്ടംകൂടുന്ന ആഘോഷ പരിപാടികളും പരിപൂര്‍ണമായി ഒഴിവാക്കണം. ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുന്ന പതിവുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയുന്ന വയോധികരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പരസ്പരം കാണുവാനും സംസാരിക്കാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കണം. ഓണക്കാലത്ത് വിപണികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്നത് സ്വാഭാവികമാണ്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിമിതികളുണ്ട്.

നാളെ ഉത്രാടമാണ്. കടകളില്‍ പോകുമ്പോള്‍ കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം ഷോപ്പിംഗിനായി പോവുക. പോകുന്നവര്‍ കൈകള്‍ സാനിറ്റൈസ് ചെയ്യാനും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയാറാകണം. നേരത്തെ ഓണക്കാലത്ത് കടകളില്‍ തിരക്ക് കൂടുമ്പോള്‍ ഷട്ടര്‍ താഴ്ത്തുന്ന രീതി സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ ഒരു കടയിലും സാധാരണയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കണം. ഓരോ കടയുടെയും സാധ്യതകള്‍ക്ക് അനുസരിച്ചുള്ളവര്‍ മാത്രമേ കടയിലുണ്ടാകാന്‍ പാടുള്ളൂ. പഴയതുപോലെ ഷട്ടര്‍ അടച്ചിടാന്‍ പാടില്ല. അത് രോഗം വ്യാപിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും.

വീടുകളിലേക്ക് സാധനങ്ങള്‍ ഫോണില്‍ വിളിച്ചുപറഞ്ഞ് എത്തിക്കാനും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും സാഹചര്യമുള്ളവര്‍ പരമാവധി ആ സാഹചര്യം ഉപയോഗിക്കണം. കടകളില്‍ തിരക്ക് കുറവാണോയെന്ന് വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം പോകാന്‍ ശ്രമിക്കുക. തുണിക്കടകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വസ്ത്രങ്ങള്‍ ധരിച്ചുനോക്കി എടുക്കുന്നത് ഒഴിവാക്കണം. കടകളില്‍ കയറിയാല്‍ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യമായി മറ്റ് വസ്തുക്കളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Onam celebrations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top