പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ.
വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
Read Also :പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഗൂഢാലോചന നടന്നതായി സൂചന
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയി ഡാനിയലിന്റെയും മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights – popular finance fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here