28 പന്തുകളിൽ 9 സിക്സറുകൾ അടക്കം 72 റൺസ്; പൊള്ളാർഡ് വെടിക്കെട്ടിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ ജയം

വെറ്ററൻ താരം കീറോൺ പൊള്ളാർഡിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ ചിറകിലേറി ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ ജയം. കരീബിയൻ പ്രീമിയർ ലീഗിൻ്റെ 17ആം മത്സരത്തിലാണ് ബാർബഡോസ് ട്രൈഡൻ്റ്സിനെ രണ്ട് വിക്കറ്റും ഒരു പന്തും ബാക്കി നിൽക്കെ നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. 28 പന്തുകളിൽ 9 സിക്സറുകൾ അടക്കം 72 റൺസ് എടുത്ത പൊള്ളാർഡ് ആണ് മത്സരത്തിലെ താരം.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാർബഡോസ് ട്രൈഡൻ്റ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി എടുത്തത് 148 റൺസ്. ജോൺസൺ ചാൾസ് (47), കെയിൽ മേയേഴ്സ് (42) എന്നിവരാണ് ബാർബഡോസ് ഇന്നിംഗ്സിൽ നിർണായക സംഭാവനകൾ നൽകിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിൻബാഗോയ്ക്ക് തുടക്കം മുതൽ പിഴച്ചു. 6 റൺസായപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ട്രിൻബാഗോ 12.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവിടെ നിന്നായിരുന്നു പൊള്ളാർഡിനു മാത്രം കഴിയുന്ന അവിശ്വസനീയ ഇന്നിംഗ്സ്.
Read Also : സുരേഷ് റെയ്‌ന മടങ്ങിപ്പോയി; ഐപിഎല്ലിൽ കളിക്കില്ല
നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തിക്കപ്പുറം എത്തിച്ച പൊള്ളാർഡ് ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും കൂറ്റനടികളുമായി കളം നിറഞ്ഞു. 17ആം ഓവറിൽ പൊള്ളാർഡ് നേടിയ 4 സിക്സറുകൾ സഹിതം ട്രിൻബാഗോ സ്കോർ ചെയ്തത് 25 റൺസ്. 22 പന്തുകളിൽ താരം അരസെഞ്ചുറി തികച്ചു. 18ആം ഓവറിൽ 10 റൺസും 19ആം ഓവറിൽ 16 റൺസും നേടി ട്രിൻബാഗോ പൊള്ളാർഡിൻ്റെ കൈപിടിച്ച് അവിശ്വസനീയമായ വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. അവസാന ഓവറിൽ വേണ്ടത് 15 റൺസ്. ആദ്യ പന്തിൽ സിക്സറടിച്ച താരം അടുത്ത പന്തിൽ രണ്ടാം റണ്ണിനോടവേ റണ്ണൗട്ട്. അവസാന മൂന്ന് പന്തുകളിൽ 7 റൺസ് ആയിരുന്നു വേണ്ടത്. നാലാം പന്തിൽ സിക്സറടിച്ച ഖാരി പിയർ അഞ്ചാം പന്തിൽ സിംഗിളെടുത്ത് ടീമിനെ വിജയിപ്പിക്കുകയായിരുന്നു.
Story Highlights – Kiereon Pollard won the game for his team in cpl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here