Advertisement

അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും: മുഖ്യമന്ത്രി

August 30, 2020
Google News 1 minute Read

അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉത്പാദനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്നമായി ഉയര്‍ന്നു വന്നിരിക്കുന്നു. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായ കര്‍മ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 500 ടെക്നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കന്‍ 50 ഔട്ട്ലറ്റുകള്‍കൂടി തുടങ്ങും. മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും. 250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights price for vegetables

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here