ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും: മുഖ്യമന്ത്രി

ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലയ്ക്കലിലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായ കര്‍മ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും.
കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.
പട്ടികജാതി മേഖലയില്‍ 6000 പഠനമുറികള്‍, 1000 സ്പില്‍ ഓവര്‍ വീടുകള്‍, 3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, 700 പേര്‍ക്ക് പുനരധിവാസ സഹായം, 7000 പേര്‍ക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. അഞ്ച് ഹോസ്റ്റലുകള്‍, നാല് ഐടിഐകള്‍, രണ്ട് മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Three projects worth 28 crore in Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here