Advertisement

പ്രണബ് പ്രധാന മന്ത്രിയാകാന്‍ കൊതിച്ചിരുന്നു

August 31, 2020
2 minutes Read

-പി പി ജെയിംസ്

രാഷ്ട്രപതിഭവനിൽ വച്ച് അന്നത്തെ പ്രസിഡന്റ് പ്രണബ് മുഖർജിയോട് ചോദിച്ചു. ” രാഷ്ട്രപതിയുടെ കസേരയിൽ സംതൃപ്തനാണോ? ” മുഖം ഉയർത്തി ചോദ്യകർത്താവായ ഈ ലേഖകനെ നോക്കി അർത്ഥം വച്ചോണം പുഞ്ചിരിച്ചു. പിന്നെ ദൃഢസ്വരത്തിൽ മറുപടി ” രാഷ്ട്രീയം അധികാരമാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ അധികാരം നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്.” രാഷ്ട്രീയം വിട്ട് രാഷ്ട്രപതിയുടെ റോളിലേക്ക് മാറേണ്ടി വന്നതിലുള്ള അതൃപ്തി ആ വാക്കുകളിൽ പ്രകടമായിരുന്നു.

പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകാതെ തന്ത്രജ്ഞതയും മെയ്‌വഴക്കവും കാട്ടി. തൊട്ടടുത്തിരുന്ന മലയാളിയും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു ഐഎഎസ് ആംഗ്യം കാണിച്ചു. കൂടുതൽ ഉത്തരം പ്രതീക്ഷിക്കേണ്ട എന്നതായിരുന്നു വേണുവിന്റെ സൂചന. പൊതുവായ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകി.

കേരളത്തിൽ നിന്നെത്തിയ സീനിയർ മാധ്യമ പ്രവർത്തകരോട് കേരളത്തെക്കുറിച്ചെല്ലാം കുശലാന്വേഷണം നടത്തി. ഫോട്ടോസെഷനിൽ ഒപ്പമിരുന്ന് നർമം പങ്കിട്ടും വിരുന്ന് സൽക്കാരം നടത്തിയുമാണ് അന്ന് യാത്ര പറഞ്ഞത്. രാഷ്ട്രപതിഭവൻ ചുറ്റിനടന്ന് കാണാൻ സൗകര്യം ഒരുക്കണമെന്ന് വേണുവിനോട് നിർദേശിച്ചു. 2015 ലായിരുന്നു രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുമായുള്ള കൂടിക്കാഴ്ച.

തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റായിരുന്ന ഈ ലേഖകന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് രാഷ്ട്രപതിയെ സന്ദർശിക്കാൻ എത്തിയതായിരുന്നു മാധ്യമസംഘം. പ്രണബ് മുഖർജിയുടെ അർത്ഥംവച്ചുള്ള മറുപടിയെക്കുറിച്ച് ഡൽഹി പ്രസ് ക്ലബിൽ അന്ന് നടന്ന ദേശിയ മാധ്യമസെമിനാറിൽ ഞാൻ തുറന്നുപറഞ്ഞു. അന്ന് വേദിയിലുണ്ടായിരുന്ന എകെ ആന്റണിയും, സീതാരാം ചെയ്യൂരിയും, പിജെ കുര്യനും മുതിർന്ന മാധ്യമ പ്രവർത്തകൻ ടിവിആർ ഷേണായിയും ഇത് കേട്ട് ചിരിച്ചു.

ഭാരതരത്‌ന നേടിയ മുൻ രാഷ്ട്രപതി മൺമറയുമ്പോൾ അന്നത്തെ കൂടിക്കാഴ്ച ഓർമയിൽ വരുന്നു. പ്രണബ് മുഖർജി എന്ന അതികായനും രാഷ്ട്രീയത്തിലെ ചാണക്യനുമായിരുന്ന നേതാവിന്റെ വാക്കുകൾ പിന്നീട് പലതവണ മനസിലിട്ട് കൂട്ടിയും കിഴിച്ചും നോക്കിയിട്ടുണ്ട്. പ്രണബ് മുഖർജിയുടെ അതൃപ്തിയുടെ കാരണം തേടിഎത്തിയത്, 1984 ലെ ഒരു സുപ്രധാന സംഭാഷണത്തിലാണ്. കൃത്യമായി പറഞ്ഞാൽ 1984 ഒക്ടോബർ 31 ന് കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് സംഭാഷണം നടന്നത്.

സിഖുകാരായ സുരക്ഷാസൈനികരുടെ വെടിയേറ്റ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അന്തരിച്ചതിനെ തുടർന്ന് തിരക്കിട്ട് വിമാനത്തിൽ മടങ്ങുകയായിരുന്നു പ്രമുഖരായ രണ്ടു നേതാക്കൾ. ഇന്ദിരാവധം സൃഷ്ടിച്ച ആഘാതത്തിലായിരുന്നു അവർ. അന്ന് എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധിയും കേന്ദ്രമന്ത്രിയായിരുന്ന പ്രണബ് മുഖർജിയുമായിരുന്നു ആ നേതാക്കൾ. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു പ്രണബ്. രാജീവ്ഗാന്ധി പ്രണബിനോട് ചോദിച്ചു. ”ഇനി എന്താണ് ? ആരാവും അടുത്ത പ്രധാനമന്ത്രി ” ഒന്നാലോചിച്ചശേഷം പ്രണബ് മറുപടി നൽകി. ” ഏറ്റവും സീനിയർ ആയ മന്ത്രിതന്നെ പ്രധാനമന്ത്രി ആവണം എന്നതാണ് കീഴ്‌വഴക്കം” അങ്ങനെയെങ്കിൽ ആരെന്നായി രാജീവ് ഗാന്ധി. അതിനുള്ള യോഗ്യത തനിക്കുതന്നെയെന്ന് പ്രണബ് മുഖർജി കൂസലില്ലാതെ പറഞ്ഞു. രാജീവ് ഗാന്ധി തിരിച്ചൊന്നും പറഞ്ഞില്ല.

ഡൽഹിയിൽ എത്തിയപ്പോഴേയ്ക്കും കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ശക്തമായ ആവശ്യം ഉയർന്നുവന്നു. പിന്നെയെല്ലാം ചരിത്രം. രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ പരിചയസമ്പത്തില്ലെന്ന പ്രണബിന്റെ വാദഗതി തള്ളിപ്പോയി. ഇന്ദിരാഗാന്ധി ഭക്തരായ നേതാക്കൾ പ്രണബിനെതിരായി. രാജീവ് ഗാന്ധിയുടെ അപ്രീതികൂടിയായപ്പോൾ പ്രണബ് മുഖ്യധാരയിൽ നിന്നും പുറത്തായി.

പശ്ചിമബംഗാളിൽ ഒതുങ്ങികൂടേണ്ടിവന്ന പ്രണബ് സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി. രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് എന്നും പേരിട്ടു. അഞ്ചുവർഷം കഴിഞ്ഞു 89 ൽ രാജീവ്ഗാന്ധി മുൻകൈ എടുത്ത് അനുരഞ്ജനമുണ്ടാക്കി. പ്രണബിന്റെ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു. വീണ്ടും മുഖ്യധാരയിൽ എത്തിയെങ്കിലും 91 ൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോഴും പ്രധാനമന്ത്രി കസേര പ്രണബിൽ നിന്ന് അകന്നുപോയി. പ്രണബിനെപ്പോലെ കുശാഗ്രബുദ്ധിയായ പി.വി. നരസിംഹറാവുവിനെയാണ് അന്ന് പ്രധാനമന്ത്രി കസേര തേടിയെത്തിയത്.

നരസിംഹ റാവുവിന്റെ മരണശേഷം സോണിയാ ഗാന്ധിയെ രംഗത്തിറക്കി പ്രണബ് തിരിച്ചുവരവിന് ശ്രമിച്ചതാണ്. 2004 ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രണബ് മുഖർജി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായി. എന്നാൽ ഡോ. മൻമോഹൻ സിംഗിനു മുൻപിൽ പ്രണബ് മുഖർജിക്ക് കസേര വീണ്ടും നഷ്ടമായി.

കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ 2012ൽ വീണ്ടും പ്രണബ്, പ്രധാനമന്ത്രി കസേരയുടെ അടുത്തെത്തിയതാണ്. ഡോ.മൻമോഹൻ സിംഗിനെ രാഷ്ട്രപതിയാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കണമെന്ന നിർദേശം സോണിയാ ഗാന്ധി മുന്നോട്ടുവച്ചതാണ്. പക്ഷേ ചർച്ചകൾക്കൊടുവിൽ വീണ്ടും പ്രധാനമന്ത്രിയുടെ നറുക്ക് വീണത് മൻമോഹൻ സിംഗിന് തന്നെയാണ്.

രാഷ്ട്രീയമീമാംസയിൽ ബിരുദാനന്തര ബിരുദമുള്ള പ്രണബിന് പ്രധാനമന്ത്രിക്കസേര കൊടുത്താൽ കോൺഗ്രസിന്റെ നേതൃത്വം അദ്ദേഹം പിടിച്ചെടുക്കുമെന്ന് കരുതിയവർ ഏറെയാണ്. പ്രധാനമന്ത്രി പദം വഴുതി മാറിയപ്പോൾ ഒടുവിൽ തനിക്കുനേരെ നീട്ടിയ രാഷ്ട്രപതി പദത്തിൽ ഒതുങ്ങിക്കൂടാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ മർമത്തെക്കുറിച്ച് രാഷ്ട്രപതി ഭവനിൽ പ്രണബ് മുഖർജി പറഞ്ഞതിന്റെ യാഥാർത്ഥ്യം അപ്പോഴാണ് ബോധ്യമായത്.

രാജ്യം ഭരത രത്‌ന നല്‍കി ആദരിച്ച വ്യക്തിയാണ് പ്രണാബ് മുഖര്‍ജി. അദ്ദേഹത്തിന്റെ വിയോഗത്തോടെ കോണ്‍ഗ്രസിന് നഷ്ടമായത് പാര്‍ട്ടിയിലെ ചാണക്യനെയാണ്.

Story Highlights pranab mukherjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top