സ്ഥിര സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി സീ യു സൂണ്‍; മികച്ച പ്രതികരണം

വെര്‍ച്വല്‍ കാലത്തില്‍ മുഴുവനായി സ്‌ക്രീനുകളില്‍ നടക്കുന്ന ഒരു സിനിമ വിശ്വസനീയമാകുമോ എന്ന ചോദ്യത്തിന് മറുപടിയാണ് സീ യു സൂണ്‍. ലോക്ക്ഡൗണ്‍ കാലത്ത് ഷൂട്ട് ചെയ്ത ചിത്രമല്ലേ എന്ന ആദ്യ ചോദ്യത്തിലെ മുന്‍വിധിയിലൂടെയായിരിക്കാം ഭൂരിഭാഗം പേരും ചിത്രത്തെ സമീപിച്ചത്.
സാങ്കേതിക വിദ്യയുടെ അപരിചിതത്വം ചെറുതായെങ്കിലും സിനിമയുടെ ആസ്വാദനത്തില്‍ നിന്ന് വഴിമാറ്റിയേക്കാമെന്ന് വിമര്‍ശനം ഉയര്‍ന്നേക്കാം. ഒരു സ്‌ക്രീനിലേക്ക് അതീവ ശ്രദ്ധയോടെ കാണുകയും വേഗത്തില്‍ വായിക്കുകയും വേണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കുറവാണെങ്കില്‍ സിനിമയിലേക്ക് ഇഴകിച്ചേരല്‍ കഠിനമാകുമെന്ന ന്യൂനതയില്‍ നിന്നുകൊണ്ടാണെങ്കിലും ഈ സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്തും.
മുന്‍ധാരണകളെ ആദ്യ നിമിഷങ്ങളില്‍ തന്നെ പൊളിച്ചെഴുതുന്നുണ്ട് സി യു സൂണ്‍. ദൈനംദിന ജീവിതത്തില്‍ ഇന്ന് കണ്ണുകളിലേക്ക് ഏറ്റവും കൂടുതല്‍ പതിയുന്നത് സ്‌ക്രീന്‍ലൈറ്റാണ്. ഇക്കാലത്ത് സ്‌ക്രീനിലൂടെ കഥപറയാന്‍ സാധിക്കുമെന്ന പരീക്ഷണ വിജയത്തിന്റെ പേരാണ് സീ യു സൂണ്‍. സ്‌ക്രീനുകളിലൂടെയുള്ള കഥപറച്ചിലിനെയും, പരസ്പരം സ്‌ക്രീന്‍ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.
മലയാളിക്ക് ഇതുവരെ പഥ്യമല്ലാതിരുന്ന നരേറ്റീവിന്, 2016 ല്‍ ഖത്തറില്‍ മലയാളികളടങ്ങുന്ന വന്‍ സെക്‌സ് റാക്കറ്റിനെ അറസ്റ്റ് ചെയ്ത സംഭവമാണ് മഹേഷ് നാരായണന്‍ തെരഞ്ഞെടുത്തത്. ദുബായ് ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മി കുര്യന്‍ എന്ന റോഷന്‍ മാത്യുവിന്റെ കഥാപത്രം അനു സെബാസ്റ്റ്യന്‍ എന്ന ദര്‍ശന രാജേന്ദ്രന്റെ കഥാപത്രത്തിനെ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്യുന്നു.
ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളെ തുടര്‍ന്ന് അനുവും ജിമ്മിയും ഒന്നിച്ച് താമസിക്കേണ്ടി വരുന്നു. സന്തോഷകരമായ അവരുടെ ദിവസങ്ങളില്‍ പെട്ടെന്ന് അനു അപ്രത്യക്ഷയാകുന്നു. പിന്നാലെ ജിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഇവിടെ ഫഹദ് ഫാസിലിന്റെ കെവിന്‍ തോമസ് എന്ന കഥാപത്രം ജിമ്മിയെ സഹായിക്കാനായി നടത്തുന്ന അന്വേണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് പ്രൊഫലില്‍ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നത് വാട്‌സാപ്പ് മെസേജ് ബോക്‌സിലാണ്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു, ഫഹദ് ഫാസില്‍ എന്നിവരുടെ മികവാര്‍ന്ന അഭിനയം സിനിമയെ മികവുറ്റതാകുന്നു. കഥയെ ആ ഫ്‌ളോയില്‍ കൊണ്ടുപോകുന്നതില്‍ അഭിനയിച്ചവരുടെ പങ്കും വലുതാണ്. മാലാ പാര്‍വതി, സൈജു കുറുപ്പ്, കോട്ടയം രമേശ്, അമാല്‍ഡ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത
സംവിധായകന്‍ മഹേഷ് നാരായണന്‍ ബ്രില്ല്യന്‍സ് സിനിമയിലുടനീളം കാണാം. കൊവിഡ് കാലത്ത് ഐ ഫോണില്‍ ചീത്രികരണം നടത്തിയ ചിത്രമാണെന്ന് ഓര്‍മിപ്പിച്ചാല്‍ മാത്രം മനസിലാവുന്ന ക്വാളിറ്റി മേക്കിങ് ആണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സബിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തില്‍ സാധാരണ സാഹചര്യത്തില്‍ ഏറെ മാറ്റങ്ങള്‍ക്കും പരീക്ഷണത്തിനും മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒരുക്കിയ സീ യു സൂണ്‍ കാരണമാവും.
Story Highlights – C U You Soon movie good response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here