കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യംനടന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights – culprits called adoor prakash after murder says ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here