സ്‌പെക്ടേറ്റ് ഫീച്ചർ വഴി 20 ലക്ഷം ചതിയന്മാരെ പിടികൂടി പബ്ജി

ഏറെ നാളുകളായി ജനപ്രിയ കളിയായ പബ്ജിയുടെ രസം കെടുത്താൻ ചില ചതിയന്മാരായ കളിക്കാർ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്നാൽ, ഈ ചതിയന്മാരെ പിടികൂടാൻ സ്‌പെക്ടേറ്റ് ഫീച്ചർ തയാറാക്കിയിരിക്കുകയാണ് പബ്ജി. ഇതുവഴി ഒരോ കളിക്കാരുടെയും കളി മറ്റുള്ളവർക്ക് കാണാൻ സാധിക്കും. അവർ എന്തെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് മറ്റ് കളിക്കാർക്ക് ഇതുവഴി അറിയാൻ സാധിക്കും. ഇത്തരത്തിൽ പിടികൂടുന്ന ചതിയന്മാരായ കളിക്കാർക്ക് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും വിലക്കേർപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്‌പെക്ടേറ്റ് ഫീച്ചർ തയാറാക്കിയതിന് ശേഷം ഓഗസ്റ്റ് 20 മുതൽ 27 വരെ ഏഴ് ദിവസത്തിനുള്ളിൽ 20 ലക്ഷം ചതിയന്മാരായ കളിക്കാരുടെ അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തിയതായും 15 ലക്ഷം ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകൾ.
നിരോധിക്കപ്പെട്ടവരിൽ 32 ശതമാനം പേർ എക്‌സ് റേ വിഷൻ ഉപയോഗിച്ചവരും 27 ശതമാനം പേർ ഓട്ടോ എയിം ഉപയോഗിച്ചതിനും 12 ശതമാനം പേർ വേഗതയിൽ കൃത്രിമം കാണിച്ചതിനുമാണ് നിരോധിച്ചിരിക്കുന്നത്. മാത്രമല്ല, 22 ശതമാനം പേരെ നിരോധിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, എത്ര കാലത്തേക്കാണ് നിരോധനം എന്ന കാര്യത്തിൽ പബ്ജി വ്യക്തത വരുത്തിയിട്ടില്ല.
Story Highlights – Pubji catches 20 lakh cheaters through Spectate feature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here