അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാം; എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നു; ബിനീഷ് കോടിയേരി

bineesh kodiyeri on relation with anoop muhammed

നാർക്കോട്ടിക്ക് കണ്ട്രോൾ ബ്യൂറോ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.

ബിനീഷ് കോടിയേരിയുടെ വാക്കുകൾ ഇങ്ങനെ : ‘അനൂപ് മുഹമ്മദിനെ എനിക്ക് വർഷങ്ങളായി അറിയാം. അനൂപ് മുഹമ്മദ് വസ്ത്ര ബിസിനസ് നടത്തുമ്പോഴാണ് ഞാൻ പരിചയപ്പെടുന്നത്. അനൂപിന് അപാർട്ട്‌മെന്റിലും, ഹോട്ടലുകളിലുമൊക്കെ റൂമുകൾ ബുക്ക് ചെയ്ത് തരുന്ന പരിപാടി ഉണ്ടായിരുന്നു. അപ്പോൾ ബംഗളൂരുവിൽ പോകുമ്പോൾ അനൂപിനെ വിളിക്കുമായിരുന്നു. അനൂപാണ് റൂം ബുക്ക് ചെയ്ത് തന്നിരുന്നത്. അതിന് ശേഷം 2015ൽ അനൂപ് ഒരു റെസ്റ്റോറന്റ് തുടങ്ങാൻ തീരുമാനിച്ചു. ആ സമയത്ത് ഞാനടക്കം നിരവധി സുഹൃത്തുക്കൾ അനൂപിന് പണം കടം കൊടുത്തിരുന്നു. എന്നാൽ ആ റെസ്റ്റോറന്റ് വിജയകരമായി നടത്താൻ സാധിച്ചിട്ടില്ല. അനൂപ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്ന ആളാണെനന് അറിഞ്ഞപ്പോൾ ഞെട്ടി. അനൂപിന്റെ വീട്ടുകാരെയും എനിക്കറിയാം. അവന്റെ ഉമ്മച്ചിയും ബാപ്പച്ചിയും എന്നെ വിളിച്ച് കരയുന്നുണ്ട്. അവർക്കാർക്കും അനൂപിനെ കുറിച്ച് ഇത്തരത്തിലൊരു ധാരണയില്ല. അനൂപ് ഇത്തരത്തിലൊരു വ്യക്തിയായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അനൂപുമായി ഞാൻ ബന്ധം വയ്ക്കില്ലായിരുന്നു.’

ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്ന് ഫിറോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനാണെന്നായിരുന്നു ആരോപണം.

Story Highlights bineesh kodiyeri on relation with anoop muhammed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top