‘വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തി’; ബിനീഷ് കോടിയേരി

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
ജനമനസ്സുകളിൽ സ്വാധീനമുണ്ടാക്കിയ നേതാക്കൻമാരെ വിസ്മൃതിയിലേക്ക് തള്ളിവിടാൻ ജനങ്ങൾ സമ്മതിക്കില്ലെന്നതിൻ്റെ നേർക്കാഴ്ച്ചയാണ് ഉമ്മൻചാണ്ടിയ്ക്ക് കിട്ടിയ ആദരം. ഇവിടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ജനങ്ങളെന്നും ബിനീഷ് പറഞ്ഞു.
വ്യത്യസ്ഥ രാഷ്ട്രീയ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും എത്രത്തോളം സൗഹാർദ അന്തരീക്ഷത്തിലുള്ള രാഷ്ട്രീയം സൃഷ്ടിക്കാമെന്ന് കാണിച്ചു തന്നെ നേതാക്കളാണ് ഉമ്മൻചാണ്ടിയും കൊടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് പറഞ്ഞു.
ഇത്രയധികം വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട രണ്ടു നേതാക്കൾ കേരള രാഷ്ട്രീയത്തിൽ തന്നെ വിരളമായിരിക്കും. അക്രമിക്കുന്നവരോട് പോലും പുഞ്ചിരി സൂക്ഷിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചവരാണ് ഇവർ രണ്ടുപേരുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.
Story Highlights : Bineesh Kodiyeri about Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here