ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും

സുപ്രിംകോടതി മുതിർന്ന ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും. സംഭവബഹുലമായ ജുഡീഷ്യൽ സർവീസിന് ശേഷമാണ് അരുൺ മിശ്രയുടെ വിരമിക്കൽ. മരട് ഫ്‌ളാറ്റ് പൊളിക്കലിലും സഭാതർക്കത്തിലും അരുൺ മിശ്ര സ്വീകരിച്ച കടുത്ത നിലപാട് ശ്രദ്ധേയമാണ്.
ചീഫ് ജസ്റ്റിസ് ആയിരിക്കെ ദീപക് മിശ്രയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണം, രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനവിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ്. ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഹർജി തള്ളുകയും ചെയ്തു. രഞ്ജൻ ഗൊഗോയിയുടെ വിഷയത്തിൽ ഗൂഡാലോചന നടന്നോയെന്ന് അന്വേഷിക്കാനായിരുന്നു ഉത്തരവ്.
രാജ്യാന്തര ജുഡീഷ്യൽ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി. നരേന്ദ്രമോദി ബഹുമുഖ പ്രതിഭയാണെന്നും ദീർഘദർശിയാണെന്നും വാഴ്ത്തി. രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടപെട്ടില്ല.
ലോയ കേസ് അരുൺ മിശ്രയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്തപ്പോൾ മുതിർന്ന ജഡ്ജിമാർ തന്നെ എതിർപ്പുമായി രംഗത്തെത്തി. പിന്നീട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ ഒരു രൂപ പിഴയ്ക്ക് ശിക്ഷിച്ചത് വിരമിക്കുന്നതിന് രണ്ട് ദിവസം മുൻപാണ്.
ജുഡീഷ്യൽ കോടതികൾ, എക്‌സിക്യൂട്ടിവ് കോടതികളായി മാറുന്നുവെന്ന പരാമർശത്തെ രൂക്ഷമായ ഭാഷയിലാണ് അരുൺ മിശ്ര വിമർശിച്ചത്. മരടിലെ ഫ്‌ളാറ്റുകൾ പൊളിഞ്ഞുവീഴുന്നതിൽ അരുൺ മിശ്രയുടെ കടുത്ത നിലപാട് നിർണായകമായി. 1.6 ലക്ഷം കോടി രൂപയുടെ കുടിശിക കേന്ദ്രസർക്കാരിലേക്ക് അടയ്ക്കാൻ ടെലികോം കമ്പനികൾക്ക് 10 വർഷം സാവകാശം അനുവദിച്ചതും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.
Story Highlights – justice arun mishra retiring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here