‘ഹലോ മിസ്റ്റർ പെരേര’; അർജന്റൈൻ മധ്യനിര താരം ബ്ലാസ്റ്റേഴ്സിൽ

അർജന്റൈൻ മധ്യനിര താരം ഫാക്കുണ്ടോ പെരേര കേരള ബ്ലാസ്റ്റേഴ്സിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായ പെരേരയെ ഒരു വർഷത്തെ കരാറിലാണ് ക്ലബ് ടീമിൽ എത്തിച്ചത്. താരത്തിനും ക്ലബിനും സമ്മതമാണെങ്കിൽ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനും ഓപ്ഷനുണ്ട്. 32കാരനായ താരം സൈപ്രസ് ക്ലബ് അപ്പോളോൻ ലിമാസോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ആദ്യ വിദേശ സൈനിംഗ് ആണ് പെരേര.
അർജൻ്റീനയിലെ ബ്യൂണസ് ഐറിസിലുള്ള എസ്തൂഡിയൻസിലാണ് ഫാക്കുണ്ടോയുടെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയറിൻ്റെ തുടക്കം. 2006 മുതൽ 2009 വരെ എസ്തൂഡിയൻസിന് വേണ്ടി കളിച്ച അദ്ദേഹം പിന്നീട് ചിലിയൻ ക്ലബായ പാലസ്തീനോയിലേക്ക് വായ്പാടിസ്ഥാനത്തിൽ എത്തി. പിന്നീട് നിരവധി യൂറോപ്യൻ, ലാറ്റിമേരിക്കൻ ക്ലബുകൾക്കായി താരം പന്ത് തട്ടി. യൂറോപ്പ ലീഗിൽ 16 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫാക്കുണ്ടോ പെരേര ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
Read Also : ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്
അറ്റാക്കിംഗ് മിഡ്ഫീൽഡർ, വിംഗർ, സെക്കൻഡ് സ്ട്രൈക്കർ എന്നീ പൊസിഷനുകളിൽ താരം കളിച്ചിട്ടുണ്ട്. ഗ്രീസ് ക്ലബ് പാവോക്കിന് വേണ്ടിയാണ് ഫാക്കുണ്ടോ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 2014-15 സീസണിൽ പാവോക്കിനായി ബൂട്ടു കെട്ടിയ താരം 30 മത്സരങ്ങളിൽ നിന്ന് 1 ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഒടുവിൽ സൈപ്രസ് ക്ലബ് അപ്പോളോൻ ലിമാസോളിന് വേണ്ടിയാണ് ഫാക്കുണ്ടോ ബൂട്ടണിഞ്ഞത്. അവിടെ രണ്ട് സീസണുകളിലായി 39 മത്സങ്ങൾ കളിച്ച താരം 21 ഗോളുകളും നേടിയിട്ടുണ്ട്. ആകെ 167 മത്സരങ്ങൾ കളിച്ച താരം 55 ഗോളുകളാണ് നേടിയിട്ടുള്ളത്. ലിമാസോളിൽ മുൻ ചെന്നൈയിൻ താരം ആന്ദ്രേ ഷെമ്പ്രിയുടെ സഹതാരമായിരുന്നു ഫാക്കുണ്ടോ.
Story Highlights – Kerala Blasters signed Facundo Pereyra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here