വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: പ്രതികളുടെ രണ്ട് മാസത്തെ ഫോണ്‍കോള്‍ രേഖകള്‍ പരിശോധിക്കും

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. പ്രതികളുടെ കഴിഞ്ഞ രണ്ട് മാസത്തെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കും. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക്കേസ് രാഷ്ട്രീയ മുന്‍വൈരാഗ്യം കാരണമെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന് പിന്നാലെ സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. 120 B വകുപ്പ് ചേര്‍ത്തിട്ടുള്ളതിനാല്‍ ഏത് തരം ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരുമെന്ന് റൂറല്‍ എസ്പി ബി.അശോകന്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ കഴിഞ്ഞ രണ്ട് മാസത്തെ ഫോണ്‍ വിളി വിവരങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം. സിപിഐഎം നേതാക്കള്‍ ആരോപിക്കുന്ന തരത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഇത് വഴി കണ്ടെത്താനാകും. ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ ടീമുകളുടെ സഹായം തേടും.

ഇരട്ടക്കൊലപാത കേസ് പ്രതികളുമായി ബന്ധപ്പെട്ടിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തലയില്‍ വാര്‍ഡ് മെമ്പറായ ഗോപന്റെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. കോണ്‍ഗ്രസ് മെമ്പറായ ഗോപനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഒളിവില്‍ പോയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഗോപന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എന്ന നിലയ്ക്ക് തന്നെ പലരും പല ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാറുണ്ട്. സനലും, ഉണ്ണിയും അങ്ങനെ ബന്ധപ്പെട്ടിരിക്കാം. ഫ്‌ലക്‌സ് എടുക്കുന്നതിന് ഉണ്ണി വീട്ടില്‍ വന്നിരുന്നു.
എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ഗോപന്‍ പറഞ്ഞു.

അതേ സമയം ഇരട്ടകൊലക്കേസിലെ ഒന്നാം പ്രതി സജീബ്, മൂന്നാം പ്രതി സനല്‍ എന്നിവരെ നെടുമങ്ങാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ഇവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മദപുരം സ്വദേശിനി പ്രീജയുള്‍പ്പടെ അറസ്റ്റിലായ ഏഴ് പേരും ജുഡീഷ്യല്‍ കസ്റ്റഡിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഐഎന്‍ടിയുസി നേതാവ് മദപുരം ഉണ്ണിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

Story Highlights venjaramoodu murder phone call details

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top