Advertisement

കന്യാകുമാരിയിലേക്കൊരു പാതിരാ യാത്ര

September 3, 2020
3 minutes Read

..

വിഷ്ണു പി വിശ്വനാഥ്/ യാത്രാവിവരണം

ഫ്‌ളവേഴ്‌സ് ടിവിയിൽ സൗണ്ട് എന്‍ജിനിയറാണ് ലേഖകന്‍

യാത്രകള്‍ രണ്ടു തരത്തിലുണ്ട്, നല്ല തയാറെടുപ്പുകളോടെ നടത്തുന്നവയും പെട്ടെന്നുള്ള തീരുമാനങ്ങളില്‍ പിറക്കുന്നവയും. ഇതില്‍ രണ്ടാമത്തെ കൂട്ടത്തില്‍ പെടുന്നതാണ് ഇനി പറയുന്ന യാത്ര…….

മനസില്‍ നിരാശ കൂടുകൂട്ടുന്നുണ്ടോ എന്നൊരു സംശയം തുടങ്ങയിട്ട് രണ്ടു മൂന്നു ദിവസങ്ങളായി…. എന്താണു കാരണം എന്നൊന്നും ചോദിക്കരുത് പലതും എന്നേ പറയാന്‍ പറ്റൂ…

അങ്ങനെ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ഒരാഗ്രഹം മനസില്‍ വന്നു, സൂര്യോദയം കാണണം. രാവിലെ എട്ടു മണിക്ക് എഴുന്നേല്‍കുന്ന ഞാന്‍ സൂര്യനുദിച്ചു വരുന്നത് കണ്ടിട്ട് ഒരുപാടു നാളായി… കട്ടപിടിച്ച് കിടക്കുന്ന ഇരുട്ടിനെ കീറി മാറ്റിയുള്ള ആ വരവു കാണുമ്പോള്‍ തന്നെ എന്തൊരു എനര്‍ജിയാ… ഉള്ളിലുള്ള സങ്കടങ്ങളും നിരാശയും ഒക്കെ ആവിയാക്കി പകരം പോസിറ്റീവ് എനര്‍ജി നിറച്ചു തരും ആ കാഴ്ച..

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും കാലത്തെ എഴുന്നേറ്റാലല്ലേ ഇതൊന്നു കാണാന്‍ പറ്റൂ…!! തൊട്ടപ്പുറത്തു കിടന്ന ഷിയാസിനോട് സൂര്യോദയം കാണണം, രാവിലെ വിളിച്ചുണര്‍ത്തണേ എന്നു പറഞ്ഞപ്പോ അവന്‍ പറയ്യാ ടെറസിന്റെ മോളിലൊക്കെ എന്തോന്നു സൂര്യോദയം, അതു കാണുവാണേല്‍ കന്യാകുമാരിയില്‍ തന്നെ കാണണമെന്ന്…

ഇതു പറയുമ്പോ സമയം രാത്രി ഒരു മണി വെറുതേ ഒന്നു ഗൂഗിളിനോടു ചോദിച്ചു ‘യെവന്‍ പറേണത് നേരു തന്നേ…?’. അപ്പോ ദാ വരുന്നു പല പല ചിത്രങ്ങള്‍,മോഹിപ്പിക്കുന്ന ചിത്രങ്ങള്‍, കൂടെ ഒന്നുകൂടി തിരുവനന്തപുരം കന്യാകുമാരി 90 km…

വീണ്ടും കണ്‍ഫ്യുഷനായി നട്ടപ്പാതിരാ നേരത്ത് എങ്ങനെ പോകും നാളെ ഓഫീസിലും പോണമല്ലോ.. പോരാത്തതിന് കൈയ്യിലുണ്ടായിരുന്ന ആയിരവും അഞ്ഞൂറുമൊക്കെ കൊണ്ടെ ബാങ്കിലിടുവേം ചെയ്തു.. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ എണീറ്റു പോയി ഒരു കട്ടന്‍ ചായ ഇടാന്‍ തുടങ്ങുമ്പോ ബാക്ക് ഗ്രൗണ്ടില്‍ ഒരു ശബ്ദം… ‘എന്റെ ബൈക്കില്‍ അങ്ങു പോയാലോ…? ‘

ശബ്ദത്തിന്റെ ഉടമ ഷിയാസ് തന്നെ.. സന്തോഷം ഇരച്ചു കയറിവന്നപ്പൊത്തന്നെ അടുത്ത ചോദ്യം വന്നു റെഡ് സിഗ്‌നലിട്ടു…. വേറൊന്നുമല്ല ഷിയാസിന്റെ വണ്ടി എന്നു വെച്ചാല്‍ അടുത്ത കുംഭമാസത്തില്‍ 15 തികയാന്‍ പോകുന്ന ഒരു 100CC ബോക്‌സര്‍ ആണ്. ദോഷം പറയരുതല്ലോ അതിന്റെ അഹംഭാവം ഒന്നും ആ വണ്ടിക്കില്ല കേട്ടോ… ഈ കൂട്ടത്തില്‍ പലര്‍ക്കും പണി കൊടുത്തിട്ടുണ്ടെങ്കിലും എനിക്ക് ഇതുവരെ പുള്ളി പണി തന്നിട്ടില്ല.. ആ വിശ്വാസത്തില്‍ അങ്ങടു പോവാം എന്നു തീരുമാനിച്ചു…
സമയം ഒന്നര..

കരമന, നേമം, കളിയിക്കാവിള, മാര്‍ത്താണ്ഡം, നാഗര്‍കോവില്‍ വഴി ഗൂഗിള്‍ മാപ്പ് വഴി പറഞ്ഞു തന്നു… 86കിലോമീറ്റര്‍

അങ്ങനെ ഞങ്ങള്‍ പോകാന്‍ ഇറങ്ങുമ്പോ കൂട്ടത്തിലെ ആരോ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തില്‍ ചോദിച്ചു ‘എങ്ങോട്ടാടാ ഈ പാതിരാത്രിയില്‍.. ‘ കാര്യം പറഞ്ഞപ്പോ പ്രതീക്ഷിച്ച മറുപടി എത്തി ‘ഈ പ്രാന്തന്‍മാര്‍ക്ക് വട്ടാ’… ഒന്നാലോചിച്ചപ്പോ സംഗതി ശരിയായതു കൊണ്ട് കൂടുതലൊന്നും പറഞ്ഞില്ല മനസിനു പ്രാന്തു പിടിച്ച കൊണ്ടാണല്ലോ ഇപ്പൊ ഇങ്ങനെ ഒരു ട്രിപ്പ് ഉണ്ടായതു തന്നെ.

ഇടക്ക് നിര്‍ത്തിയും ചൂടു ചായക്കൊപ്പം വരാനിരിക്കുന്ന ശോഭന ഭാവിയെപ്പറ്റി വാചാലരായും മൂന്നര ആയപ്പൊ കന്യാകുമാരി എത്തി.

ബീച്ചിലേക്കുള്ള വഴിയില്‍ പൊലീസ് ബാരിക്കേഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ടൂവീലറുകള്‍ കടന്നു പോവുന്നുണ്ട് പിന്നൊന്നും നോക്കീല ഞങ്ങളും ആ കൂടെ ബീച്ചിലേക്ക് പോയി…

അമ്പതോളം വരുന്ന ആള്‍ക്കാര്‍ അങ്ങിങ്ങ് കൂടി നില്‍ക്കുന്നു ഒരു ഫുട്‌ബോള്‍ കോര്‍ട്ടിനോളം പോന്ന സ്ഥലത്ത് മൂന്നു നാല് ചായക്കടയും കുറച്ചാള്‍ക്കാരും. അതിനപ്പുറം കടലാണെന്ന് കാറ്റും പാറക്കെട്ടില്‍ വന്നടിക്കുന്ന തിരമാലകളും പറയുന്നുണ്ടായിരുന്നു എന്നു വെച്ചാല്‍ ഈ പറഞ്ഞ ഗ്രൗണ്ടിനപ്പുറത്തേക്ക് നോ വിസിബിലിറ്റി..!

ജാക്കറ്റുണ്ടായിട്ടും അത്യാവശ്യം തണുപ്പു തോന്നി ഓരോ ചായ കുടിക്കാനുള്ള തീരുമാനം ഏകകണ്‌ഠേന പാസാക്കി ചായക്കടയിലേക്ക് ചെന്നു.. അപ്പോ കടക്കാരന്‍ ചേട്ടന്റെ വക ചോദ്യം കഴിക്കാനെന്താ… നോക്കുമ്പോ ഉള്ളി വടയും പഴംപൊരിയുമൊക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നു…. എല്ലാം ടേസ്റ്റു നോക്കിയിട്ടു തന്നെ കാര്യം.. അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമാക്കിയ ശേഷം ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലം നോക്കി നടപ്പു തുടങ്ങി വിവേകാനന്ദപ്പാറയിലെ അരണ്ട വെളിച്ചത്തില്‍ തിരുവള്ളുവര്‍ തല ഉയര്‍ത്തി നില്‍ക്കുന്നു…

ഫോണിലെ കോംപസ് നോക്കി കിഴക്കുദിക്ക് കണ്ടു പിടിച്ച് ഒരിടത്ത് ഇരുന്നു.. സൂര്യോദയം എപ്പോഴാണെന്നറിയാന്‍ വീണ്ടും ഗൂഗിളിനോട് ചോദിച്ചു അപ്പൊത്തന്നെ ഉത്തരവും കിട്ടി 06:15 AM ആ നേരം വരെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ജാക്കറ്റിനെ തലയിണയാക്കി ആകാശം നോക്കി കിടന്നു
ഒരുപാടു നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു ഓരോ നക്ഷത്രത്തിനും ഓരോ ഭാവം പരിചയമുള്ള മുഖങ്ങളെ പോലെ….
പതിയെ എഴുന്നേറ്റു അടുത്തുണ്ടായിരുന്ന ആകാശം മുട്ടുന്ന ഒരു ഏണിയില്‍ കയറി അതിലൊരു നക്ഷത്രത്തിന്റെ അടുത്തെത്താറായപ്പോ ആരോ ഒരാള്‍ എന്റെ തോളത്തു പിടിച്ചു കുലുക്കി

ഇത്തവണ വില്ലന്റെ വേഷത്തിലാണ് ഷിയാസ്… ‘എന്തൊരു ഉറക്കമാ… സമയം കണ്ടോ ദേ ബീച്ചു നിറയെ ആള്‍ക്കാരാ നോക്ക് ‘. സംഗതി ശരിയാണ് ബീച്ചും പരിസരവും ജനസമുദ്രമായിക്കഴിഞ്ഞു
പല പല ഭാഷകള്‍, വേഷങ്ങള്‍

സമയം 05:30AM

വിവേകാനന്ദപ്പാറയിലെ ലൈറ്റുകളൊക്കെ തെളിച്ചിട്ടുണ്ട്.. വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ട് സമയം തള്ളി നീക്കി ആറു മണി ആയപ്പോഴേക്കും പതിയെ പ്രകാശം പരന്നു തുടങ്ങി കടലിന്റെ വിസ്തൃതി അപ്പോഴാണ് മനസിലായത് തൃവേണീ സംഗമം ഒരു സംഭവം തന്നെയാ കേട്ടോ.. സമയം 06:15 ഗൂഗിള്‍ പറഞ്ഞതനുസരിച്ച് ഉദയം കാണേണ്ട സമയമായി പക്ഷേ പുള്ളിക്കാരന്‍ വരുന്ന യാതൊരു ലക്ഷണവുമില്ല.

ഇനി ഞങ്ങള്‍ വന്ന കാരണം സൂര്യദേവന്‍ വരുന്നില്ലാന്നെങ്ങാനും തീരുമാനിച്ചോ..!

അങ്ങനെ കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുമ്പോഴാ
ISLല്‍ സി കെ വിനീത് ഗോളടിച്ചപ്പൊ കേട്ട പോലെ ഒരാരവം നോക്കുമ്പൊ എന്താ തിരുവള്ളുവരുടെ പ്രതിമക്ക് തൊട്ടടുത്ത് കിഴക്ക് ഒരു ചുവന്ന കഷണ്ടിത്തല…
പണ്ട് NSS ക്യാമ്പില്‍ പ്രശോഭേട്ടന്‍ പാടി പഠിപ്പിച്ച ഒരു പാട്ടാണ് ഓര്‍മ വന്നത്

‘വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്‍ ഭഗവാനും
ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ’…..
സന്തോഷം വന്നാല്‍ മനസില്‍ അടക്കിപ്പിടിച്ചു പണ്ടേ ശീലമില്ല.. അല്‍പം ഉറക്കെത്തന്നെ പാടി.. പതിവിനു വിപരീതമായി കുടെ വന്നവനും ഏറ്റുപാടി….. ഇതാണ് സുര്യോദയത്തിന്റെ പ്രത്യേകത നമ്മളറിയാതെ നമ്മുടെ ഉള്ളിലേക്ക് ഒരു ഊര്‍ജം നിറയും..
അതിനെ ശരിവെച്ചു കൊണ്ട് ചുറ്റും നിന്നവര്‍ കൈകൊട്ടി താളമിടുന്നുണ്ടായിരുന്നു..

ആ താളത്തില്‍ അലിഞ്ഞ് ഉള്ളിലുണ്ടായിരുന്ന നിരാശയും സങ്കടവുമൊക്കെ കളഞ്ഞ് പുതിയ ഊര്‍ജവുമായി തിരികെ നടക്കുമ്പോള്‍ മനസു പറയുന്നുണ്ടായിരുന്നു വീണ്ടും ഈ വഴി വരണം ഉദയം കാണുന്നെങ്കില്‍ ഇതുപോലെ കാണണം.

Story Highlights kanyakumariyilekoru pathira yathra

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top