വാക്സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്സിന്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

വാക്സിന്‍ വരുന്നതുവരെ സോഷ്യല്‍ വാക്സിന്‍ എന്ന തരത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രേക്ക് ദി ചെയിന്‍ പോലെ സോഷ്യല്‍ വാക്സിനാണ് നാം ഇപ്പോള്‍ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലര്‍ത്തണം. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ട് വേണം ജാഗ്രത പുലര്‍ത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണാവധിക്കാലത്ത് നമ്മുടെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായിരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ കൂടുതലായി ഓണാഘോഷത്തിന് നാട്ടിലെത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനൊപ്പം ജീവിതം കൊണ്ടു പോവുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ കൂടുതലായി നല്‍കുന്നത്. ഇളവുകള്‍ ഉള്ളപ്പോള്‍ തന്നെ വ്യക്തിപരമായി ജാഗ്രതയും നമ്മള്‍ വര്‍ധിപ്പിക്കണം. ലോക്ക്ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കാലത്തും അടച്ചിട്ടുപോകാനാവില്ല. സംസ്ഥാനവും ഉചിതമായ രീതിയില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറുകയാണ്. വിദഗ്ധര്‍ പറഞ്ഞത് ഈ സമയത്ത് 10000നും 20000നും ഇടയില്‍ കേസുകള്‍ വരുമെന്നായിരുന്നു. എന്നാല്‍, അത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. അതേസമയം രോഗവ്യാപനം ഉയരുകയും ചെയ്തു. ഇപ്പോള്‍ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ നല്ല തോതില്‍ പാലിച്ചിട്ടുണ്ട്. എന്നാല്‍, തീരേ നിയന്ത്രണങ്ങള്‍ ഇല്ലാത്ത അവസ്ഥ ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാര്‍ക്കറ്റുകളിലോ ചെല്ലുന്നവര്‍ പേരെഴുതി ഇടണം എന്നത് നിര്‍ബന്ധമാക്കിയിരുന്നു. അതില്‍ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതില്‍ പലരും വിമുഖത കാട്ടി. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന സംവിധാനം കോഴിക്കോട്ട് വിജയകരമായി പരീക്ഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Social vaccine should be vigilant until the vaccine arrives: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top