ജോസ് കെ. മാണിക്കെതിരെ നിയമ നടപടിയുമായി പി.ജെ ജോസഫ്; ഹര്‍ജി സമര്‍പ്പിച്ചു

ജോസ് കെ. മാണിക്കെതിരെ നിയമ നടപടിയുമായി പി.ജെ. ജോസഫ്. ചെയര്‍മാന്‍ പദവി ഉപയോഗിക്കരുതെന്ന കോടതി വിധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പി.ജെ. ജോസഫ് പാര്‍ട്ടിയില്‍ ഇല്ലാത്തയാളെന്നും, ഹര്‍ജിയില്‍ തിരിച്ചടി ഉണ്ടാകുമെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഇതിനിടെ ജോസ് കെ. മാണി വഴിയാധാരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഒരു വര്‍ഷം നീണ്ട അധികാര തര്‍ക്കത്തില്‍ ജോസ് കെ. മാണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ഉണ്ടായതോടെയാണ് പി.ജെ. ജോസഫ് പക്ഷത്തിന്റെ പുതിയ നീക്കം. ഞായറാഴ്ച്ച സ്റ്റീയറിംഗ് കമ്മറ്റി വിളിച്ചു ചേര്‍ക്കാനുള്ള ജോസ് കെ. മാണിയുടെ ആഹ്വാനം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊടുപുഴ കോടതിയില്‍ നല്‍കിയ ഹര്‍ജി. കഴിഞ്ഞ വര്‍ഷം സമാന്തര സംസ്ഥാന കമ്മറ്റി യോഗം വിളിച്ച് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം മുമ്പ് കോടതി മരവിപ്പിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിയാണ് ഹര്‍ജി. എന്നാല്‍ പി.ജെ. ജോസഫ് പാര്‍ട്ടിയില്‍ പോലും ഇല്ലാത്ത ആളാണെന്നും, ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളും അംഗീകരിക്കുന്ന ചെയര്‍മാന്‍ ജോസ് കെ. മാണി ആണെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.
ഇതിനിടെ യുഡിഎഫ് വിട്ടാല്‍ ജോസ് കെ. മാണി വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. വേണ്ടിവന്നാല്‍ ചര്‍ച്ച നടത്താനും തയാറാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഔദ്യോഗിക പക്ഷമെന്ന അംഗീകാരം ലഭിച്ചതിന് പിന്നാലെ യുഡിഎഫ് ജോസ് കെ. മാണിയോട് മൃദുസമീപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തെ മുന്നണിയില്‍ തിരികെയെടുക്കുന്നതില്‍ പി.ജെ. ജോസഫ് അതൃപ്തി പരസ്യമാക്കി. ഇതിനു പിന്നാലെയാണ് വീണ്ടും ജോസ് കെ. മാണിയെ ക്ഷണിച്ച് ഇടതുമുന്നണിയുടെ പ്രതികരണം. കോടിയേരിയുടെ അഭിപ്രായത്തെ ജോസ് പക്ഷം സ്വാഗതം ചെയ്തു.
Story Highlights – PJ Joseph legal action against jose k Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here