നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; ‘പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ചെയ്യും’ ; മന്ത്രി വി ശിവന്‍കുട്ടി

നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ പിഴവ് ഉണ്ടായതില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്‌സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ ചില പിശകുകള്‍ സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞുവെന്ന് മന്ത്രി കുറിച്ചു. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താനും ചരിത്രപരമായ വസ്തുകള്‍ ചേര്‍ത്തു മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിര്‍ദ്ദേശം എസ്.സി.ഇ.ആര്‍.ടി.ക്ക് നല്‍കിയിട്ടുണ്ട്. തിരുത്തലുകള്‍ വരുത്തിയ പാഠഭാഗം ഇപ്പോള്‍ എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റില്‍ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നിലപാടല്ല ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ വേളയിലെല്ലാം തന്നെ നാം സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും – അദ്ദേഹം വ്യക്തമാക്കി.
സുഭാഷ് ചന്ദ്രബോസ് ബ്രട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്നായിരുന്നു എസ്.സി.ഇ.ആര്‍.ടി കരട് കൈപ്പുസ്തകത്തിലെ പരാമര്‍ശം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ടുതവണ തിരുത്തി വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു.. ആദ്യ തിരുത്തില്‍ ഭയന്ന് എന്ന വാക്ക് ഒഴിവാക്കി, പലായനം ചെയ്‌തെന്ന പരാമര്‍ശം നിലനിര്‍ത്തിയതോടെയാണ് വീണ്ടും തിരുത്തേണ്ടി വന്നത്.
Story Highlights : Error in class 4 textbook; Those who prepared the book will be debarred; Minister V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here