പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുളള എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുളള എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്ര സർക്കാറിലേക്ക് എത്തിക്കുകയെന്നതാണ് യോഗം വിളിച്ചു ചേർക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് യോഗം ചേരുക. എല്ലാ എംപിമാരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി നഷ്ടപരിഹാരം ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് കേരളത്തിന് 7000 കോടി രൂപ ലഭിക്കാനുണ്ട്. ഇതിനെ മറികടക്കാൻ കേന്ദ്രം മുന്നോട്ട് വച്ച കടം എടുക്കൽ നിർദേശം ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഉചിതമായൊരു നടപടി ഉണ്ടാകണമെന്ന ആവശ്യം എംപിമാർ വഴി കേന്ദ്രത്തിന് മുന്നിലേക്ക് വയ്ക്കുകയെന്നതാണ് സർക്കാർ ഉദ്ദേശ്യം.
ഇതിനു പുറമേ മധ്യ കേരളത്തിലുണ്ടായ മഴക്കെടുതിയിൽ കേന്ദ്രത്തോട് പ്രത്യേക സാമ്പത്തിക പാക്കേജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ശക്തമായി എംപിമാർ വഴി ഉന്നയിക്കപ്പെടണം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കൊപ്ര, നെല്ല് എന്നിവയുടെ താങ്ങുവില പ്രഖ്യാപനത്തിൽ കേരളത്തിന് കൂടുതൽ സഹായം ആവശ്യമാണെന്ന കാര്യവും സർക്കാർ മുന്നോട്ട് വച്ചിരുന്നു.
അതോടൊപ്പം പരിസ്ഥിതി ആഘാത ബില്ലിന്റെ കരടിനോടുള്ള എതിർപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യോജിച്ച നിലപാട് സംസ്ഥാനം സ്വീകരിക്കണമെന്നുള്ളതാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
Story Highlights – The CM called a meeting of MPs from the state ahead of the parliamentary session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here