നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നതിനെതിരെ സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ ആറ് സംസ്ഥാനങ്ങളും, ഒരു കേന്ദ്രഭരണ പ്രദേശവും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്, ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്. ഈ നടപടിക്കെതിരെ പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര മന്ത്രിമാരും, പുതുച്ചേരി സർക്കാർ വിപ്പുമാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. വിദ്യാർത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിൽ കോടതിക്ക് പിഴവ് പറ്റിയെന്നാണ് സംസ്ഥാനങ്ങളുടെ വാദം. തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിൽ അടക്കം കോടതി നിലപാട് നിർണായകമാണ്. കൊവിഡ് സമയത്തും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നാണ് പരീക്ഷയ്ക്ക് അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. പരീക്ഷ മാത്രമായി നിർത്തിവയ്ക്കാൻ പറ്റുമോയെന്നും, പരീക്ഷ നടന്നില്ലെങ്കിൽ അത് രാജ്യത്തിന്റെ നഷ്ടമാകില്ലേയെന്നും കോടതി ആരാഞ്ഞിരുന്നു.
Story Highlights – The Supreme Court will today hear a review petition filed by the states against the conduct of NEET and JEE examinations.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here