കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കി; കണ്ണൂരിലെ ആദിവാസി യുവതിയുടേത് കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

കണ്ണൂർ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസിൽ യുവതിയുടെ സുഹൃത്തും പെരുവ സ്വദേശിയുമായ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 28 നാണ് താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 24 നാണ് ശോഭയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് ദിവസങ്ങൾക്ക് ശേഷം മുപ്പത്തിനാലുകാരിയായ ശോഭയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോലമ്പ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിലായിരുന്നു മൃതദേഹം.ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി.
Read Also :കണ്ണൂർ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു
ശോഭയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശോഭയും ബിബിനും തമ്മിൽ ഏറെക്കാലമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിലുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ശോഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം കെട്ടിത്തൂക്കി എന്നുമാണ് പ്രതിയുടെ മൊഴി. ശോഭയുടെ ആഭരണങ്ങൾ സംഭവസ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഫോണും ബിബിൻ കൈക്കലാക്കിയിരുന്നു.
ശോഭയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരുപത്തിയഞ്ചുകാരനായ ബിബിൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് ശോഭയുടെ ബന്ധുക്കളുടെ ആരോപണം.
Story Highlights – Tribe woman, Murder, Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here